Latest Videos

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ നിതീഷ് കുമാര്‍, രാഷ്ട്രീയ വിഷയങ്ങളിലെ വിയോജിപ്പെന്ന് സൂചന

By Kishor Kumar K CFirst Published Jul 25, 2022, 12:46 PM IST
Highlights

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും വിട്ടു നിന്നു.  ദേശീയ പതാക എല്ലാ വീടുകളിലും  ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും പങ്കെടുത്തില്ല. 

ദില്ലി:എൻഡിഎയിലെ അനൈക്യം പ്രതിഫലിച്ച് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്‍റെ സത്യപ്രതി‍ജ്ഞ ചടങ്ങില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ട് നിന്നു. ബിജെപിയുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് നിതീഷ് കുമാറിന്‍റെ അസാന്നിധ്യം ചര്‍ച്ചയായത്. 

ദ്രൗപദി മുര്‍മ്മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചെങ്കിലും സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് രാഷ്ട്രീയ വിഷയങ്ങളിലെ വിയോജിപ്പ് നിതീഷ് കുമാര്‍ രേഖപ്പെടുത്തുകയായിരുന്നു. അഗ്നിപഥടക്കം അടുത്തിടെ പോലും  പല വിഷയങ്ങളിലും  വിയോജിച്ച നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലില്‍ അദ്ദഹത്തെ മാറ്റണമെന്ന ആവശ്യം  ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിലുന്നയിച്ചെങ്കിലും  പരിഗണിച്ചിട്ടില്ല.  സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍  മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നു.  അടുത്ത പതിമൂന്ന് മുതല്‍ 15വരെ ദേശീയ പതാക എല്ലാ വീടുകളിലും  ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതെന്നാണ്  നിതീഷ് കുമാറിന്‍റെ പ്രതികരണം. എന്നാല്‍  അസാന്നിധ്യത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ പുതിയ രാഷ്ട്രപതി സ്ഥാനമേറ്റതിന്  തൊട്ടുപിന്നാലെ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രൂക്ഷവിമര്‍ശമുയര്‍ത്തി. ജമ്മുകശ്മീര്‍ പുനസംഘടന. പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളെ പിന്തുണച്ച രാംനാഥ് കോവിന്ദ് ഭരണഘടന ചവിട്ടിമെതിച്ചാണ് പുറത്തേക്ക് പോകുന്നതെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുക മാത്രമായിരുന്നു കോവിന്ദ് ചെയ്തിരുന്നതെന്നും മെഹബൂബ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കണമെന്ന് പിഡിപി അടക്കമുള്ള കക്ഷികള്‍    രാംനാഥ് കോവിന്ദിനോടാവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം നിര്‍ദ്ദേശം തള്ളിയിരുന്നു

Druapadi Murmu: സെൻട്രൽ ഹാളിൽ വീണ്ടുമൊരു ചരിത്ര മുഹൂർത്തം, ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു (Oath Taking Ceremony of Draupadi Murmu). പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ. 

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും കക്ഷിനേതാക്കളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ വിശിഷ്ടമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പരിപാടികൾ. 

ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയിൽ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ വലിയ സന്ദേശമാണ് നൽകുന്നതെന്നും വലിയ സ്വപ്നങ്ങളും കാണാനും അതു നേടിയെടുക്കാനുമുള്ള ആത്മവിശ്വാസം ഈ സ്ഥാനരോഹണത്തിലൂടെ പാവപ്പെട്ടവർക്ക് കിട്ടുമെന്ന് ദ്രൗപതി മുര്‍മു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്ക് തന്നിൽ അവരെ തന്നെ കാണാനാവുമെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാവും താൻ പ്രവർത്തിക്കുകയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. 

click me!