
ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം അധിക വോട്ടര്‍മാര്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തിനും ആരോപണത്തിനും ഉത്തരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഒക്ടോബര്‍ പത്തുവരെ ഇത്തരത്തിൽ പുതിയ അപേക്ഷകള്‍ കിട്ടിയെന്നും അങ്ങനെയാണ് മൂന്നു ലക്ഷം പേരെ ചേര്‍ത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നൽകുന്നതിന്‍റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയിൽ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
ബിഹാറിലെ എസ്ഐആര്‍ പൂര്‍ത്തിയാക്കി പുറത്തുവിട്ട പത്രക്കുറിപ്പിൽ ഇക്കാര്യം വിശദീകരിച്ചതിന്‍റെ തെളിവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. എസ്ഐആറിനുശേഷം സെപ്റ്റംബര്‍ 30ന് ഇറക്കിയ അന്തിമ പട്ടികയിൽ ബിഹാറിൽ 7.42 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്. വോട്ടെടുപ്പിനുശേഷം നവംബര്‍ 12ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് 7.45 കോടി വോട്ടര്‍മാരെന്നാണ് പറഞ്ഞിരുന്നത്. മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായെന്നും ഇതിൽ അവ്യക്തതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്നും സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം നൽകിയ വാര്‍ത്താക്കുറിപ്പിൽ 7.45 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് പറഞ്ഞതെന്നും അത്രയും പേര്‍ വോട്ടു ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകുന്നു. വോട്ടര്‍മാരുടെ എണ്ണത്തെ വോട്ട് ചെയ്തതിന്‍റെ കണക്കായി വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam