പകുതിയിലേറെ സീറ്റുകളിലും ലീഡ് പിടിച്ച് മഹാസഖ്യം: ജെഡിയുവിനേക്കാൾ മുന്നിൽ ബിജെപി

By Web TeamFirst Published Nov 10, 2020, 9:15 AM IST
Highlights

പതിനഞ്ച് വർഷം ബിഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ ലീഡ് നേടി മഹാസഖ്യം. 243 അംഗ ബിഹാർ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാകുമ്പോൾ 124 സീറ്റുകളിൽ മഹാസഖ്യവും 109 സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്. രാവിലെ 9.15-ലെ സീറ്റ് നിലയാണിത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 ആണെന്നിരിക്കേ 124 സീറ്റുകളിൽ നിലവിൽ ലഭിച്ച ലീഡ് നിലനിർത്താനായാൽ മഹാസഖ്യത്തിന് ബിഹാർ മത്സരിക്കാൻ വഴിയൊരുങ്ങും. 

86 സീറ്റുകളിൽ ആർജെഡിയും 28 സീറ്റുകളിൽ കോൺ​ഗ്രസും പത്ത് സീറ്റുകളിൽ ഇടതുപക്ഷവും ലീഡ് ചെയ്യുന്നുണ്ട്. എൻഡിഎയിൽ ബിജെപി 50 സീറ്റുകളിലും ജെഡിയു 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാല് സീറ്റുകളിൽ മറ്റു എൻഡിഎ ഘടകക്ഷികൾ ലീഡ് ചെയ്യുന്നുണ്ട്. 

പതിനഞ്ച് വർഷം ബിഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്. 15 വർഷം ഭരിച്ച നിതീഷിൻ്റെ പാർട്ടിയെ മറികടന്ന് വൻമുന്നേറ്റം നടത്താൻ ബിജെപിക്കായിട്ടുണ്ട്. ആർജെഡിക്കും ബിജെപിക്കും പിറകിലേക്ക് ജെഡിയു പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 

അതേസമയം ഏഴുപത് സീറ്റിലേറെ മത്സരിച്ച കോൺ​ഗ്രസ് 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാ‍ർട്ടികൾ പത്ത് സീറ്റുകളിൽ ലീ‍ഡ് പിടിച്ചിട്ടുണ്ട്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു  115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു. 


 

click me!