
മുസാഫർപൂർ: ബൈക്കിൽ നിന്നും വീണ് അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർബോർഡ് കാർട്ടൺകൊണ്ട് കെട്ടി ആരോഗ്യപ്രവർത്തകർ. ബിഹാറിലെ മുർസാഫർപൂരിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര അലംഭാവം. നിതീഷ് കുമാർ എന്ന യുവാവിനാണ് സർക്കാർ ആശുപത്രിയിൽ നിന്നും ദുരനുഭവുണ്ടായത്. ബൈക്കിൽ മിനാപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ അപകടത്തിൽപ്പെടുന്നത്. കാലിന് പൊട്ടലേറ്റ ഇയാളെ നാട്ടുകാരാണ് മിനപ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
പരിശോധനയിൽ യുവാവിന് പൊട്ടലേറ്റെന്ന് കണ്ടെത്തി. എന്നാൽ ചികിത്സയ്ക്ക് മതിയായ സൌകര്യങ്ങളില്ലാതിരുന്നതിനാൽ ആശുപത്രിയിലെ ജീവനക്കാർ യുവാവിന് പ്ലാസ്റ്ററിന് പകരം ഒടിഞ്ഞ കാലിൽ കാർഡ്ബോർഡ് കാർട്ടൺ കെട്ടി വയ്ക്കുകയായിരുന്നു. ബന്ധുക്കളെത്തി ഇയാളെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അഞ്ച് ദിവസമായിട്ടും യുവാവിനെ ഡോക്ടർമാർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കാർഡ് ബോർഡ് കൊണ്ട് ഉണ്ടാക്കിയ പ്ലാസ്റ്ററും കാലിലിട്ട് മുറിയുടെ ഒരു വശത്ത് യുവാവ് ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാർഡ്ബോർഡ് കാർട്ടൺ ഉപയോഗിച്ചുള്ള കെട്ട് അഴിച്ച് മാറ്റി പകരം പ്ലാസ്റ്റർ ഇട്ടതല്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് ദിവസമായി ഒരു ഡോക്ടറും പരിശോധിക്കാനെത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗിക്ക് ഉടൻ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹത്തെ ചികിത്സിക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. വിഭകുമാരി പറഞ്ഞു. എന്തുകൊണ്ടാണ് ഡോക്‌ടർമാർ അദ്ദേഹത്തെ ചികിത്സിക്കാതിരുന്നതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Read More : മുംബൈയിൽ ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam