
ദില്ലി: ബീഹാർ എസ് ഐ ആറിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതികരിച്ച് പ്രതിപക്ഷം. വോട്ടുകൾ കൂട്ടമായി ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതി ഇടപെടൽ നിർണായകമായെന്നും പ്രതികരണം. വോട്ട് അധികാര യാത്രയും വോട്ട് ചോരി ആരോപണവും ജനങ്ങളെ ബോധവൽക്കരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. പട്ടിക പരിശോധിച്ചു തുടർനടപടികൾ സുപ്രീംകോടതി തീരുമാനിക്കും. അതിനിടെ, ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഈ മാസം മൂന്നിന്. 470 തെരഞ്ഞെടുപ്പ് നിരീക്ഷകരും പങ്കെടുക്കും. ഛാട്ട് പൂജയ്ക്ക് ശേഷം ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും.
ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി പേരെന്ന പട്ടിക ഇന്നലെ പുറത്ത് വിട്ടിരുന്നു. ആഗസ്റ്റ് 1 ലെ കരട് വോട്ടർ പട്ടികയിൽനിന്നും 18 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തത്. 21.53 ലക്ഷം പുതിയ വോട്ടർമാരാണ് പട്ടികയിലുള്ളത്. 3.66 ലക്ഷം വോട്ടർമാരെ കരട് വോട്ടർപട്ടികയിൽനിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പഴയ പട്ടികയിലെ 47 ലക്ഷം പേരെ ഒഴിവാക്കിയുള്ളതാണ് അന്തിമ പട്ടിക. ആഗസ്റ്റിലെ കരട് പട്ടികയേക്കാൾ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം നിലവിലെ അന്തിമ പട്ടികയിൽ കുറഞ്ഞു.
കരട് പട്ടികയിൽ 65 ലക്ഷം പേരെയായിരുന്നു ഒഴിവാക്കിയിരുന്നത്. കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam