മൃതദേഹങ്ങള്‍ ഒഴുകി വന്ന സംഭവം; ഗംഗാ നദിയില്‍ വലകെട്ടി ബിഹാര്‍

By Web TeamFirst Published May 13, 2021, 1:07 PM IST
Highlights

ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും രംഗത്തെത്തിയിരുന്നു. നദിയില്‍ ആരാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിട്ടത് എന്നത് സംബന്ധിച്ചതാണ് തര്‍ക്കം.
 

പട്‌ന: ബിഹാറിലെ ബക്‌സറില്‍ ഗംഗാ നദിയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ നദിക്ക് കുറുകെ വലകെട്ടി ബിഹാര്‍ സര്‍ക്കാര്‍. അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് തടയാനാണ് അതിര്‍ത്തിയില്‍ ജില്ലാ അധികൃതര്‍ കൂറ്റന്‍ വല സ്ഥാപിച്ചത്. യുപി-ബിഹാര്‍ അതിര്‍ത്തിയായ റാണിഘട്ടിലാണ് വല സ്ഥാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 

ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും രംഗത്തെത്തിയിരുന്നു. നദിയില്‍ ആരാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിട്ടത് എന്നത് സംബന്ധിച്ചതാണ് തര്‍ക്കം. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായില്ല.

ഗംഗാ നദിയില്‍ കൂട്ടത്തോടെ മൃതദേഹം തള്ളിയത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ ടാഗ് ചെയ്തും സംഭവത്തില്‍ കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഗംഗാ നദി ശുദ്ധീകരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം അന്വേഷണം നടത്തണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!