
ദില്ലി: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഡോക്യുമെന്‍ററി സംവിധായകന് ദാരുണാന്ത്യം. 30 വയസ്സുകാരനായ പീയുഷ് പാല്‍ ആണ് മരിച്ചത്. തെക്കൻ ദില്ലിയിലെ ട്രാഫിക് സിഗ്നലിലാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഒക്‌ടോബർ 28ന് രാത്രി 10 മണിയോടെ നടന്ന അപകടത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. പഞ്ച്ഷീൽ എൻക്ലേവിനടുത്തുള്ള തിരക്കേറിയ റോഡിലാണ് സംഭവം. പീയുഷിന്‍റെ ബൈക്കില്‍ പിന്നിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി പീയുഷിനെ റോഡിലൂടെ വലിച്ചിഴച്ചു.
രക്തത്തിൽ കുളിച്ചുകിടന്ന പീയുഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ലെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് പറഞ്ഞു. പലരും ചുറ്റും കൂടി. മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. പരിക്കേറ്റ് 20 മിനിട്ടോളം റോഡരികില്‍ കിടന്ന ശേഷമാണ് ആരോ ആശുപത്രിയില്‍ എത്തിച്ചതെന്നും സുഹൃത്ത് പറഞ്ഞു. പീയുഷിന്‍റെ മൊബൈല്‍ ഫോണും ഗോ പ്രോ ക്യാമറയും മോഷ്ടിക്കപ്പെട്ടെന്നും സുഹൃത്ത് പറഞ്ഞു.
"രാത്രി 10 മണി വരെ അവന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. ഇപ്പോഴത് സ്വിച്ച് ഓഫാണ്. അവന്‍ ജോലിക്കായി ഉപയോഗിച്ചിരുന്ന ഒരു ഗോ പ്രോ ക്യാമറയും കാണാനില്ല. ഞങ്ങൾക്ക് നഷ്ടപരിഹാരമല്ല വേണ്ടത്. ഞങ്ങൾക്ക് നീതി വേണം"- സുഹൃത്ത് പറഞ്ഞു.
ചികിത്സയ്ക്കിടെ പീയുഷിന്‍റെ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ബണ്ടി എന്ന ബൈക്ക് റൈഡർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. ഗുരുഗ്രാമിൽ സ്വതന്ത്ര ഫിലിം മേക്കറായി ജോലി ചെയ്തിരുന്ന പീയുഷ് പാൽ തെക്കൻ ദില്ലിയിലെ കൽക്കാജിയിലാണ് താമസിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam