
ലഖ്നൗ: വന്ദേ ഭാരത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. ട്രെയിൻ വരുന്ന സമയത്ത് ഒരാൾ പാളത്തിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രെയിൻ ഈ ബൈക്കിൽ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം.
ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് മുന്നിലാണ് ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞത്. ഝാൻസി സ്റ്റേഷന് സമീപം ബന്ദ്വ താഹിർപൂർ റെയിൽവേ അടിപ്പാതയിലൂടെ ചില യുവാക്കൾ ബൈക്കുമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. വന്ദേ ഭാരത് ട്രെയിൻ അടുത്തെത്തിയപ്പോൾ യുവാക്കൾ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ബൈക്കുമായി വന്ദേ ഭാരത് ട്രെയിൻ ശക്തമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിനുള്ളിൽ വലിയ കുലുക്കം അനുഭവപ്പെടുകയും ബൈക്ക് വലിച്ചിഴയ്ക്കുന്ന ശബ്ദം കേൾക്കുകയും ചെയ്തെന്ന് യാത്രക്കാർ പറഞ്ഞു. വാരണാസിയിലെ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇതോടെ ഈ ട്രാക്കിലെ ഗതാഗതം നിർത്തിവെച്ചു. സംഭവത്തെ കുറിച്ച് ആർപിഎഫും ജിആർപിയും അന്വേഷണം നടത്തിവരികയാണ്. ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബൈക്ക് ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
READ MORE: പാകിസ്ഥാനിൽ വൻ ഭീകരാക്രമണം; തിരക്കേറിയ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam