ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Published : Aug 23, 2022, 11:42 AM IST
ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Synopsis

സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്

ദില്ലി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച് ​ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

 

കഴിഞ്ഞ ആഴ്ച ആണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുൾപ്പെടെയുള്ള കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്. 2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. 

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ​ഗുജറാത്ത് സർക്കാർ നി‌‌‌യോ​ഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുക‌യായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും ഇവർ മോചിതരായത്.

2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും  സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകി. 

'ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരൂ': തന്നെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കിസ് ബാനു

ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടിയിൽ നടുക്കം രേഖപ്പെടുത്തി ബിൽകിസ് ബാനു. നീതിന്യായ വ്യവസ്ഥയിലുള്ള തന്‍റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞെന്ന് ബിൽകിസ് ബാനു പ്രസ്താവനയിൽ പറഞ്ഞു. തീരുമാനം ഗുജറാത്ത് സർക്കാർ പിൻവലിക്കണം. തനിക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഇല്ലാതാക്കുന്നതാണ് സർക്കാർ തീരുമാനം. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്ക തോന്നുകയാണെന്നും ബിൽകിസ് ബാനു പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം
ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും