മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jun 3, 2019, 7:27 PM IST
Highlights

മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കൊണ്ടുവരുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ദില്ലി: മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇത്  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു. പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്‌സഭയില്‍ പാസായ മുത്തലാഖ് നിരോധന ബില്‍ അസാധുവായി. ഈ സാഹചര്യത്തിലാണ് വീണ്ടും ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാനായിരുന്നില്ല. 

രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബില്‍ അവതരണം ദുഷ്‌കരമായത്. ലോക്‌സഭയില്‍ പാസാവുകയും എന്നാല്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരാത്തതുമായ ബില്ലുകള്‍ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അസാധുവാകും. എന്നാല്‍ രാജ്യസഭയില്‍ പാസാവുകയും ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്യാത്ത ബില്ലുകള്‍ അസാധുവാകില്ല.  

മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കൊണ്ടുവരുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുത്തലാഖ് നിരോധനം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

click me!