ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാവാതെ ബിനോയ്; ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍

By Asianet MalayalamFirst Published Jul 28, 2019, 7:37 AM IST
Highlights

യുവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകൾ ബിനോയിയുടെ വാദങ്ങൾ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകൻ പറയുന്നു.

മുംബൈ: പീഡനപരാതിയില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ഇനിയും ബിനോയ് സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും അറിയിച്ചു.  

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ രക്ത സാമ്പിൾ നൽകാത്ത ബിനോയ് ജാമ്യവ്യവസ്ഥയിലെ നിബന്ധന ലംഘിച്ചിരിക്കുന്നു എന്ന നിഗമനത്തിലാണ് യുവതിക്ക് നിയമസഹായം നൽകുന്ന മുബൈയിലെ അഭിഭാഷകൻ അബ്ബാസ് മുഖ്ത്യാർ. കുട്ടിയുടെ പിതൃത്വം ഉൾപ്പടെയുള്ള വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ക്രിമിനൽ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡി എൻ എ പരിശോധന പൂർത്തിയാക്കണം.യുവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകൾ ബിനോയിയുടെ വാദങ്ങൾ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകൻ പറയുന്നു.

ബിനോയിയും യുവതിയുമായുള്ള ടെലഫോൺ സംഭാഷണത്തിന്‍റെ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന് നൽകിയിട്ടുണ്ട്. യുവതിയിൽ നിന്നും നിർദ്ദേശം ലഭിച്ചാലുടൻ ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ നാളെയും ബിനോയ് ഡി എൻ എ പരിശോധയ്ക്കായി രക്തസാംപിള്‍ നൽകിയേക്കില്ല എന്നാണ് സൂചന.

click me!