
ദില്ലി: ജനറൽ ബിപിൻ റാവത്തിനും (Bipin Rawat) ഭാര്യ മധുലികക്കും രാജ്യം വിട നൽകുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Sha) അടക്കമുള്ള പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു. മൃതദേഹം ബ്രാർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയാണ്. രാവിലെ ദില്ലി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്.
മക്കളായ കൃതികയും തരിണിയും കണ്ണീരോടെ അച്ഛനും അമ്മയ്ക്കും വിട നൽകി.
ചീഫ് ജസ്റ്റിസ് എൻ വി രമണയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ജനറൽ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ വസതയിലെത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഹരീഷ് സിങ്, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരും ദില്ലി കാമരാജ് മാർഗിലെ വസതിയിലെത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഫ്രാന്‍സിന്റെയും ഇസ്രായേലിന്റെയും നയതന്ത്രപ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എന്നിവരും രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടൻമാർ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam