അധികാരത്തില്‍ തുടരണോ? ജനാഭിപ്രായം തേടി നാടകീയ നീക്കവുമായി ബിപ്ലബ് ദേബ്

By Web TeamFirst Published Dec 9, 2020, 9:37 AM IST
Highlights

കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തേയും വിലയിരുത്തുന്നത്.  ഡിസംബര്‍ 13ന് അസ്ടബല്‍ മൈതാനത്ത് ഒന്ന് ചേര്‍ന്ന് താന്‍ തുടരണോ അല്ലെയോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നാണ് ബിപ്ലബ്  ദേബ് ആവശ്യപ്പെടുന്നത്. 

ത്രിപുര: പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം ശബ്ദം ശക്തമായതിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്  ദേബ്. ബിജെപി അണികള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിപ്ലബ്  ദേബിനെതിരായി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയാണ് നീക്കം. ഡിസംബര്‍ 13ന് അസ്ടബല്‍ മൈതാനത്ത് ഒന്ന് ചേര്‍ന്ന് താന്‍ തുടരണോ അല്ലെയോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നാണ് ബിപ്ലബ്  ദേബ് ആവശ്യപ്പെടുന്നത്. താന്‍ പോകണമെന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പാര്‍ട്ടിയെ അറിയിച്ച് പോകാന്‍ തയ്യാറാണെന്നുമാണ് ത്രിപുര മുഖ്യമന്ത്രി ചൊവ്വാഴ്ച വിശദമാക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തേയും വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നാണ് ബിജെപി നിരീക്ഷകനായ വിനോദ് സോങ്കര്‍ പറയുന്നത്. നേരത്തെ ഒക്ടോബര്‍ മാസത്തില്‍ ബിജെപി എംഎല്‍എമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടിരുന്നു. അധികാരത്തില്‍ നങ്കൂരമിട്ട് തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ബിപ്ലബ്  ദേബ് പറയുന്നത്. ജനങ്ങള്‍ താന്‍ മുഖ്യമന്ത്രി ആയി തുടരണമോ ഇല്ലയോ എന്ന് ഡിസംബര്‍ 13ന് അസ്ടബല്‍ മൈതാനത്ത് എത്തി വിശദമാക്കണം. ത്രിപുരയിലെ 37 ലക്ഷം ആളുകളാണ് താനെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. ജാതി മത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും ബിപ്ലബ്  ദേവ് കൂട്ടിച്ചേര്‍ക്കുന്നു.

പാർട്ടിയുടെ നേതൃത്വം ബിപ്ലബ് ദേബ് വന്നതോടെ തീർത്തും ദുർബലമായെന്നും, സംസ്ഥാനത്ത് മുഖ്യമന്ത്രി നടത്തുന്നത് ദുർഭരണമാണെന്നുമാണ് സ്വന്തം ക്യാമ്പിലെ 12 എംഎൽഎമാർ തന്നെ പരാതി പറയുന്നത്. പാർട്ടിയിൽ പൂർണമായും ഏകാധിപതിയെപ്പോലെയാണ് ബിപ്ലബ് ദേബ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ പ്രതിച്ഛായ തന്നെ ഇടിക്കുന്ന പ്രവർത്തനമാണ് ബിപ്ലബിന്‍റേതെന്നാണ് എംഎല്‍എ മാരുടെ പരാതി. മണിക് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെ അട്ടിമറിച്ചാണ് 2018-ൽ ബിപ്ലബ് ദേബ് ത്രിപുരയുടെ അധികാരം പിടിക്കുന്നത്. രണ്ട് വർഷത്തിനിപ്പുറം, ഈ കാലയളവിൽത്തന്നെ പാർട്ടിയിൽ അന്തച്ഛിദ്രങ്ങൾ ഉടലെടുത്തുകഴിഞ്ഞു എന്നാണ് നാടകീയ നീക്കത്തിലൂടെ തെളിയുന്നത്. 

click me!