
ദില്ലി: ദില്ലി സംഘർഷത്തിൽ ബിജെപി (BJP) എഎപി (AAP) പോര്. സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും റോഹിഗ്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാല്‍ സംഘർഷം ഉണ്ടാക്കിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ബിജെപി നടത്തുന്ന ശോഭായാത്രകളിൽ മാത്രമാണ് സംഘർഷമെന്നും എഎപി യുടെ മറുപടി.
ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ ഇതുവരെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ 23 പേർ അറസ്റ്റിലായി. ഇതിൽ പന്ത്രണ്ട് പേരെ ജുഡിഷ്യൽ കസ്റ്റഡിയിലും രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന അൻസറിനെയും മറ്റൊരു പ്രതി അമനെയുമാണ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്.
അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ. കലാപം, കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. ഒരു പൊലീസുകാരന് വെടിയേറ്റെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ശോഭായാത്രക്കായി പുറത്തുനിന്ന് എത്തി ചിലർ സംഘർഷമുണ്ടാക്കിയെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam