മുത്തലാഖ് ബില്ല്; ബിജെപി-എഐഎഡിഎംകെ സഖ്യത്തില്‍ പോര്

By Web TeamFirst Published Jul 31, 2019, 4:49 PM IST
Highlights

സഖ്യത്തിലെ മര്യാദ മറന്ന് എഐഎഡിഎംകെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. 

ചെന്നൈ: മുത്തലാഖ് ബില്ലിനെച്ചൊല്ലി തമിഴ്നാട്ടിലെ ബിജെപി-എഐഎഡിഎംകെ സഖ്യത്തില്‍ പോര്. ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയ എഐഎഡിഎംകെയുടെ നടപടി സഖ്യമര്യാദയ്ക്ക് വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.

മുത്തലാഖ് ബില്ല് വോട്ടിനിട്ട  ഘട്ടത്തിലാണ് എഐഎഡിഎംകെ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് പുറത്തുപോയത്. ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് എഐഎഡിഎംകെ. സഖ്യത്തിലെ മര്യാദ മറന്ന് എഐഎഡിഎംകെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വെല്ലൂരില്‍ ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് ബിജെപി പറയുന്നത്. ഇതിനായി എഐഎഡിഎംകെ രാഷ്ട്രീയധാരണ മറന്നെന്നും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ വിമര്‍ശിച്ചു. 

ഇന്നലെയാണ്, കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്ല്  നേരത്തെ ലോക്സഭയില്‍ പാസാക്കിയിരുന്നു.   പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. 

click me!