ബിജെപിയും ശിവസേനയും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെ: ശിവസേന നേതാവ്

By Web TeamFirst Published Jul 5, 2021, 4:00 PM IST
Highlights

ബിജെപിയും ശിവസേനയും തമ്മില്‍ ശത്രുതയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞിരുന്നു. 

മുംബൈ: ശിവസേന-ബിജെപി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ബലമേകി ശിവസേന നേതാവിന്റെ വാക്കുകള്‍. ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത്. ഡിവോഴ്‌സിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചിരുന്നു. 

ബിജെപിയും സേനയും തമ്മിലുള്ള രാഷ്ട്രീയ വഴികള്‍ രണ്ടാണ്. പക്ഷേ അവരുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതേസമയം, ബിജെപിയുമായുള്ള സഖ്യസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബിജെപിയും ശിവസേനയും തമ്മില്‍ ശത്രുതയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞിരുന്നു. 

ദില്ലിയില്‍ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വകാര്യ സംഭാഷണം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരിക്കുന്നത്. ഒറ്റകക്ഷിയെന്ന നിലയില്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും ബിജെപി പ്രതിപക്ഷത്താണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!