മഞ്ഞുരുകാതെ മഹാരാഷ്ട്ര; ബിജെപി-സേന ശീതയുദ്ധം കാര്‍ട്ടൂണിലൂടെയും

By Web TeamFirst Published Nov 1, 2019, 7:23 PM IST
Highlights
  • മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ ശിവസേനയെ പരിഹസിച്ച് ദില്ലി ബിജെപി വക്താവ്.
  • ട്വിറ്ററില്‍ പങ്കുവെച്ച കാര്‍ട്ടൂണിലൂടെയാണ് ബിജെപി വക്താവ് ശിവസേനയ്ക്ക് മറുപടി നല്‍കിയത്. 

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപി-ശിവസേന തര്‍ക്കം തുടരുമ്പോള്‍ ശിവസേനയെ പരിഹസിച്ച് ദില്ലി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗ. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ശിവസേനാ നോതാവ് സഞ്ജയ് റൗട്ടിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തേജീന്ദര്‍പാല്‍ സിങിന്‍റെ പ്രതികരണം. ശിവസേനയുടെ പ്രതീകമായ കടുവയെ നിയന്ത്രിക്കുന്ന റിംഗ് മാസ്റ്ററായി ദേവേന്ദ്ര ഫഡ്നാവിസിനെ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു തേജീന്ദര്‍പാല്‍ സഞ്ജയ് റൗട്ടിന് മറുപടി നല്‍കിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോര്‍മുല നടപ്പാക്കണമെന്നും ഇതനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഭരണകാലയളവില്‍ ബിജെപിയും ശിവസേനയും അധികാരം തുല്യമായി പങ്കിടണമെന്നും ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.   

എന്നാല്‍ മുഖ്യമന്ത്രിപദം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയ്ക്ക് നേരത്തെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഫഡ്നാവിസ് പറഞ്ഞത് ശിവസേനയെ പ്രകോപിപ്പിച്ചു. ചര്‍ച്ചകളെ വഴിതിരിച്ച് വിടുകയാണ് ബിജെപി ചെയ്യുന്നതെന്ന ശിവസേന മുഖപത്രമായ 'സാമ്ന'യിലെ വാര്‍ത്തകളോടുള്ള അതൃപ്തിയും ഫഡ്നാവിസ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ബിജെപി- ശിവസേന ചര്‍ച്ച റദ്ദാക്കിയതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അറിയിക്കുകയായിരുന്നു. അമിത് ഷാ ശിവസേനയ്ക്ക് ഉറപ്പൊന്നും നൽകിയില്ലെന്ന ഫഡ്നാവിസിന്‍റെ വാദം പച്ചക്കള്ളമെന്ന് പിന്നാലെ ശിവസേന നേതാക്കൾ തിരിച്ചടിച്ചിരുന്നു.

പിന്നാലെ നടന്ന ബിജെപി നിമസഭാകക്ഷി യോഗത്തില്‍ ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതിന് ശേഷം ശിവസേന അനുകൂല നിലപാട് സ്വീകരിച്ച ഫഡ്നാവിസ് ശിവസേനയുടെ പിന്തുണയില്ലെങ്കിൽ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് കിട്ടില്ലായിരുന്നു എന്നും പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ ഉടൻ രൂപീകരിക്കും. ശിവസേനയുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കും. മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സഖ്യസർക്കാർ തന്നെ അധികാരത്തിൽ വരും. അതിൽ ആർക്കും സംശയം വേണ്ടെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ വീണ്ടും ആശങ്കയുണര്‍ത്തുകയാണ് തേജീന്ദര്‍ പാല്‍ സിങിന്‍റെ നടപടി.

😷 pic.twitter.com/YM7R64SLyp

— Tajinder Pal Singh Bagga (@TajinderBagga)
click me!