'ജയ് വിളിക്കാത്ത യുവാക്കളോട് 'പാക്കിസ്ഥാനികളാണോ' എന്ന് ആക്രോശിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

By Web TeamFirst Published Oct 9, 2019, 9:05 AM IST
Highlights

'' കേവലം രാഷ്ട്രീയത്തിന്‍റെ പേരില്‍ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാത്ത നിങ്ങളെ പോലെയുള്ള ആളുകള്‍ ഇന്ത്യക്കാരാണെന്ന് ഓര്‍ത്ത് എനിക്ക് ലജ്ജ തോനുന്നു'' - സൊണാലി പറഞ്ഞു

ചണ്ഡിഗഡ്: 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാത്തവരോട് പാക്കിസ്ഥാനികളാണോ എന്ന് കയര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും ടിക് ടോക് താരവുമായ സൊണാലി ഫോഗട്ട്. സൊണാലി മണ്ഡലത്തില്‍ നടത്തിയ റാലിയില്‍ ജയ് വിളിക്കാത്തതിനായിരുന്നു ശകാരം. 

''പാക്കിസ്ഥാനില്‍ നിന്ന് വരികയാണോ ? പാക്കിസ്ഥാനിയാണോ ? ഹിന്ദുസ്ഥാനില്‍ നിന്നാണെങ്കില്‍ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കൂ'' - ആള്‍ക്കൂട്ടത്തില്‍ ജയ് വിളിക്കാതിരുന്ന ഒരു സംഘത്തോടായി സൊണാലി ചോദിച്ചു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബാല്‍സമന്ദിലാണ് റാലി നടന്നത്. ഈ ചോദ്യങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ജയ് വിളിക്കാന്‍ തുടങ്ങി. 

'' കേവലം രാഷ്ട്രീയത്തിന്‍റെ പേരില്‍ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാത്ത നിങ്ങളെ പോലെയുള്ള ആളുകള്‍ ഇന്ത്യക്കാരാണെന്ന് ഓര്‍ത്ത് എനിക്ക് ലജ്ജ തോനുന്നു'' - ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അവര്‍ പറഞ്ഞു. ഭാരത് മാതാ കി ജയ് എന്ന് പറയാത്തവരുടെ വോട്ടിന് വിലയില്ലെന്നും സൊണാലി പറയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷണോയിയെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചതിന് സമാനമായി പരാജയപ്പെടുത്തുമെന്നും സൊണാലി പറഞ്ഞു. 

അതേസമയം താന്‍ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരെ പാക്കിസ്ഥാനികള്‍ എന്ന് പറഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങളോട് സൊണാലി പ്രതികരിച്ചു.  ''നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണോ?'' എന്ന് ചോദിക്കുക മാത്രമായിരുന്നുവെന്നും സൊണാലി കൂട്ടിച്ചേര്‍ത്തു. സംഘത്തിലുണ്ടായിരുന്ന മിക്കവരും യുവാക്കളാണെന്നും പിന്നീട് അവര്‍ വന്ന് 'ഭാരത് മാതാ കി ജയ്' വിളിക്കാത്തതിന് മാപ്പുപറഞ്ഞെന്നും അവര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!