'യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം'; പഴയ പ്രസംഗത്തിൽ ഉദ്ദവ് താക്കറെക്കെതിരെ പരാതി നൽകി ബിജെപി

By Web TeamFirst Published Aug 26, 2021, 12:11 PM IST
Highlights

ഉദ്ദവ് താക്കറെയെ അടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെയുടെ പഴയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായത്

മുംബൈ: യോഗി ആദിത്യനാഥിന് എതിരായ വിവാദ പ്രസംഗത്തിന്റെ പേരിൽ ഉദ്ധവ് താക്കറെക്കെതിരെ പരാതി നൽകി ബിജെപി. കഴിഞ്ഞവർഷം ദസറ ആഘോഷത്തിനിടെ ശിവസേന റാലിയിൽ യോഗി ആദിത്യനാഥിനെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന് ഉദ്ധവ് താക്കറെ പ്രസംഗിച്ചിരുന്നു.  നാരായൺ റാണയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി.

ഉദ്ദവ് താക്കറെയെ അടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെയുടെ പഴയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായത്. 2018ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശിവസേനാ നേതാവായിരുന്ന ഉദ്ധവ് താക്കറെ വിവാദ പരാമര്‍ശം നടത്തിയത്.

''എങ്ങനെയാണ് യോഗിക്ക് യുപി മുഖ്യമന്ത്രിയാകാന്‍ കഴിയുന്നത്. യോഗിയാണെങ്കില്‍ എല്ലാം ഉപേക്ഷിച്ച് ഗുഹയില്‍ ഇരിക്കണം. ഇയാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് സ്വയം യോഗിയെന്ന് വിളിക്കുന്നു. യുപിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം മനസ്സിലാക്കണം. യുപിയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ശിവജിയുടെ കിരീടധാരണത്തിനായി വന്നിരുന്നു. ഈ യോഗി വായു നിറച്ച ഒരു ബലൂണ്‍ പോലെ വന്നു. ശിവജിയെ മാലയിടുമ്പോള്‍ അദ്ദേഹം ചെരുപ്പാണ് ധരിച്ചത്. അതേ ചപ്പല്‍ കൊണ്ട് അവനെ അടിക്കാന്‍ എനിക്ക് തോന്നി. മഹാരാജിന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പോലും നിങ്ങള്‍ ആരാണ്''? -ഇതായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം. 

ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തില്‍ യുപി സര്‍ക്കാര്‍ കേസെടുക്കണമെന്നും നിരവധി ബിജെപി അനുകൂലികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെ ഉദ്ധവ് താക്കറെക്ക് എതിരായി പ്രസംഗിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഏതാണെന്ന് അറിയാന്‍ താക്കറെ സഹായം തേടിയെന്നും താനവിടെ ഉണ്ടായിരുന്നെങ്കില്‍ അടിച്ചേനെ എന്നുമായിരുന്നു പ്രസംഗം. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി നാരായണ്‍ റാണെക്ക് ജാമ്യം നല്‍കി. എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!