
ദില്ലി: ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്ന വാള്‍ സ്ട്രീറ്റ് ലേഖനത്തെച്ചൊല്ലി വിവാദം. വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണ്, അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ബിജെപി നേതാക്കളെ ഫേസ്ബുക്കിന് പേടിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
അതേസമയം രാഹുലിന് മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടിയിലുള്ളവരെ സ്വാധീനിക്കാന്‍ കഴിയാത്തവരാണ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി.
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നുവെന്നും കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടക്കാതിരിക്കാന്‍ കാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ക്യാംപയിന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam