
ദില്ലി: ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേര്‍പെടുത്താനാണ് കശ്മീരിലെ കുടുംബ പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോപണത്തിന് ശക്തമായി മറുപടിയുമായി മെഹ്ബൂബ മുഫ്തിയെത്തി. രാജ്യത്തെ വിഭജിക്കാൻ ബിജെപിയാണ് ശ്രമിക്കുന്നതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു.
കുടുംബ പാര്‍ട്ടികളെ തിരഞ്ഞെടുപ്പിന് മുമ്പ് വിമര്‍ശിക്കുന്ന മോദി തിരഞ്ഞെടുപ്പിന് ശേഷം കുടുംബ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നുവെന്ന് നാഷണൽ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പരിഹസിച്ചു. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ഊന്നല്‍ നല്‍കിയത് ദേശീയതയിലും ഹിന്ദുത്വത്തിലുമാണ്. കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരാമര്‍ശം ആയുധമാക്കിയാണ് പ്രതിപക്ഷത്തിന് നേരെയുള്ള മോദിയുടെ ആക്രമണം. രാജ്യത്തെ വിഭജിക്കാന്‍ അബ്ദുല്ലമാരെയും മുഫ്തിമാരെയും അനുവദിക്കില്ലന്നാണ് മോദിയുടെ പ്രസ്താവന.
കോണ്‍ഗ്രസ് കശ്മീരിനെ പിന്നിൽ നിന്ന് കുത്തി. തീവ്രവാദികളുമായി ചര്‍ച്ച നടത്തുമെന്നും സേനാ വിന്യാസം കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് വോട്ടു തേടുന്നത് . കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന് കാരണം കോണ്‍ഗ്രസെന്നും മോദി വിമര്‍ശിക്കുന്നു.
അതേസമയം കശ്മീര പണ്ഡിറ്റുകളെ തിരികെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് മോദി ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്നും മുസ്ലിങ്ങളെ നാടുകടത്തണെന്ന ബിജെപിയുടെ വിനാശകരമായ അജണ്ടയാണ് രാജ്യത്തെ വിഭജിക്കുന്നതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തിരിച്ചടിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മോദി പാര്‍ട്ടികളെ നിന്ദിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാൻ ദൂതൻമാരെ അയക്കുന്നുവെന്നും മുഫ്തി വിശദമാക്കി.
99 ൽ നാഷണൽ കോണ്‍ഫറന്‍സുമായും 2015 ൽ പിഡിപിയുമായും ബിജെപി സഖ്യമുണ്ടാക്കിയെന്നും മെഹ്ബൂബ ഓര്‍മിപ്പിച്ചു. കുടുംബ പാര്‍ട്ടികളെ തുരത്തണമെന്ന് 2014ൽ പറഞ്ഞ മോദി മുഫ്തി കുടുംബത്തിലെ ഒരാളെയല്ല, രണ്ടു പേരെ കശ്മീര്‍ മുഖ്യമന്ത്രിയാക്കിയെന്ന ഒമര്‍ അബ്ദുല്ല പരിഹസിച്ചു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിനെ മോദി കെട്ടിപ്പിടിക്കുന്ന പടവും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam