രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത് 20 പേരുകൾ ഒടുവിൽ ദ്രൗപതി മുർമുവിലേക്ക് ബിജെപി

By Web TeamFirst Published Jun 21, 2022, 10:02 PM IST
Highlights

ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച പേരെടുത്ത ശേഷമാണ് ബിജെപിയിലൂടെ മുർമു വലിയ പദവികളിലേക്ക് വളർന്നത്.

ദില്ലി: ഏതാണ്ട് ഇരുപതോളം പേരുകൾ ചർച്ച ചെയ്ത ശേഷം ഇന്ന് ദില്ലി ചേർന്ന ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ദ്രൗപതി മുർമുവിനെ എൻഡിഎ മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയും അമിത്ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നീ പ്രമുഖ നേതാക്കളും സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി.എൽ.സന്തോഷും പങ്കെടുത്ത യോഗം ഇരുപതോളം പേരുകൾ ചർച്ച ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിവിധ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥി എന്ന ഫോർമുലയിലേക്ക് ബിജെപി എത്തിയത്. 

Smt. Droupadi Murmu Ji has devoted her life to serving society and empowering the poor, downtrodden as well as the marginalised. She has rich administrative experience and had an outstanding gubernatorial tenure. I am confident she will be a great President of our nation.

— Narendra Modi (@narendramodi)

 

അപ്രതീക്ഷിത അട്ടിമറികളില്ലെങ്കിൽ എൻഡിഎ മുന്നോട്ട് വച്ച സ്ഥാനാർത്ഥി തന്നെയാവും രാജ്യത്തിൻ്റെ അടുത്ത രാഷ്ട്രപതി. ആ സാഹചര്യത്തിൽ വലിയൊരു ചരിത്ര തീരുമാനം കൂടിയാണ് ഇന്നത്തെ ബിജെപി പാർലമെൻ്ററി പാർട്ടിയോഗത്തിൽ ഉണ്ടായത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ദ്രൌപദി മുർമുവിൻ്റെ പേര് ബിജെപി പരിഗണിച്ചിരുന്നുവെങ്കിലും യുപിയിൽ നിന്നൊരാൾ രാഷ്ട്രപതിയാവട്ടെ എന്ന നിർദേശത്തിന് മുൻതൂക്കം ലഭിക്കുകയും അങ്ങനെ രാംനാഥ് കോവിന്ദ് ആ പദവിയിലേക്ക് എത്തുകയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ദ്രൌപദി മുർമവിന് അനുകൂലമായി വന്നത് വേറെ ചില ഘടകങ്ങളാണ്. 

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആധികാരികമായജയം ഉറപ്പിക്കാൻ  എൻഡിഎയ്ക്ക് പുറത്ത് പരമാവധി കക്ഷികളുടെ പിന്തുണ ബിജെപിക്ക് നേടേണ്ടതുണ്ടായിരുന്നു. ഒഡീഷയിൽ നിന്നുള്ള ഒരാളെ രാഷ്ടട്രപതി പദവിയിലേക്ക് കൊണ്ടു വരിക വഴി ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിൻ്റേയും മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റേയും പിന്തുണ ബിജെപിക്ക് ഉറപ്പിക്കാനാവും. ദ്രൌപദി മുർമു ഉൾപ്പെടുന്ന ഗോത്രവിഭാഗം ഒഡീഷയിലേത് പോലെ ആന്ധ്രയിലും സജീവമാണ്. അതിനാൽ ആന്ധ്രാമുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ പിന്തുണയും ബിജെപിക്കാവും. 

കിഴക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി. പശ്ചിമബംഗാളിലും ഒഡീഷയിലും ജാർഖണ്ഡിലും ഛത്തീസ്ഗഢിലും മുർമുവിൻ്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു രാഷ്ട്രപതി എന്ന വാർത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുണകരമായ മാറ്റം കൊണ്ടു വരുമെന്ന് ബിജെപി കരുതുന്നു. മധ്യവർഗ്ഗപാർട്ടി  എന്ന ബിജെപി പ്രതിച്ഛായ പൊളിച്ചെഴുതാനും ഇതിലൂടെ നരേന്ദ്രമോദി ലക്ഷ്യമിടുന്നു. എന്തായാലും രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിന് ഔദ്യോഗികമായി അധ്യക്ഷ്യം വഹിക്കുക ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതിയാവും എന്നതാണ് ഇനി രാജ്യം സാക്ഷ്യം വഹിക്കുന്ന കൌതുകം.  കേരള ഗവണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം നിരവധി പേരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി നേതൃത്വത്തിൻ്റേയും മുന്നിലേക്ക് വന്നെങ്കിലും ഭാഗ്യം നിർമുവിനൊപ്പം നിൽക്കുകയായിരുന്നുവെന്ന് വേണം പറയാൻ. 

ആരാണ് ദ്രൗപദി മുർമു? 

 ഒഡീഷ സ്വദേശിയായ ദ്രൗപദി മുർമു 2015 മുതൽ 2020 വരെ ജാർഖണ്ഡ് സംസ്ഥാനത്തിൻ്റെ ഗവർണറായിരുന്നു. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്.  

ഒഡീഷയിൽ പാർട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളിൽ ഒരാൾ എന്ന നിലയിലാണ് മുർമുവിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച പേരെടുത്ത ശേഷമാണ് ബിജെപിയിലൂടെ മുർമു വലിയ പദവികളിലേക്ക് വളർന്നത്. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അവർ. 

2000 മാർച്ച് മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അവർ പ്രവർത്തിച്ചു.  കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2015 മെയ് 18-നാണ് ജാർഖണ്ഡ് ഗവർണറായി അവരെ നിയമിച്ചത്. 

ജാര്‍ഖണ്ഡിന്റെ ഒന്‍പതാം ഗവര്‍ണറായിട്ടായിരുന്നു അവരുടെ നിയമനം. ഗവര്‍ണര്‍ സ്ഥാനം വെറുമൊരു പദവി അല്ലെന്നും വലിയൊരു ഉത്തരവാദിത്വമാണെന്നും അത് ആത്മസമര്‍പ്പണത്തോടെ നിര്‍വ്വഹിക്കുമെന്നും ചുമതലയേറ്റു കൊണ്ട് ദ്രൌപദി മുർമു പ്രതകരിച്ചിരുന്നു. നിലവിൽ ജാർഖണ്ഡ് ഭരിക്കുന്നത് ജെഎംഎം - കോണ്ഗ്രസ് സഖ്യസർക്കാരാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണമാർ ഇടഞ്ഞു നിൽക്കുന്നതാണ് ഇപ്പോൾ സ്ഥിരം കാഴ്ചയെങ്കിലും ഗവർണർ പദവിയുടെ അതിർത്തി വളരെ കൃത്യമായി പാലിച്ചാണ് മുർമു അവിടെ പ്രവർത്തിച്ചു പോന്നിട്ടുള്ളത്. 

click me!