
ദില്ലി: കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പ്രചരണ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. താഴേ തട്ട് മുതലുള്ള പ്രചാരണം ഉടന്‍ തുടങ്ങാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രതിഷേധം തണുപ്പിക്കാന്‍ ചര്‍ച്ച എന്നതിനപ്പുറം നിയമത്തില്‍ പുനരാലോചനയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.
കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ സംയുക്ത സമരസമിതിയാണെങ്കിലും പ്രേരക ശക്തി കോണ്‍ഗ്രസാണെന്നാണ് ബിജെപി കരുതുന്നത്. സമരത്തിന് പിന്നിലെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പതിനഞ്ച് ദിവസത്തെ പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴേ തട്ടില്‍ പ്രചാരണം തുടങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രചാരണം ഏറ്റെടുക്കണമെന്നും. വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം കര്‍ഷക സൗഹൃദപരമാണന്ന ബോധവത്ക്കരണം നടത്തുകയും വേണമെന്നുമാണ് നിർദ്ദേശം. ലഘു ലേഖകള്‍ വിതരണം ചെയ്യുകയും വേണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിച്ച അതേ രീതി തന്നെയാണ് കര്‍ഷക പ്രതിഷേധത്തിന് തടയിടാനും ബിജെപി സ്വീകരിക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പിലും, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും വലിയ പരിക്കേറ്റില്ലെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്‍പില്‍ കണ്ടാണ് ബിജെപിയുടെ പ്രതിരോധ നീക്കം. അതേ സമയം പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി ഇന്നും രംഗത്തെത്തി. ജയ് ജവാന്‍ ജയ് കിസാന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നിരിക്കേ മോദിയുടെ ധാര്‍ഷ്ട്യം ജവാന്മാരെ കര്‍ഷകര്‍ക്കെതിരാക്കിയെന്ന് ഈ ചിത്രം പങ്ക് വച്ച് രാഹുല്‍ഗാന്ധി ട്വിറ്ററിലെഴുതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam