Latest Videos

പാലം തകർന്നപ്പോൾ നദിയിൽ ചാടി രക്ഷാപ്രവർത്തനം; മുൻ എംഎൽഎക്ക് സീറ്റ് നൽകി ബിജെപി, സിറ്റിങ് എംഎൽഎ പുറത്ത്

By Web TeamFirst Published Nov 10, 2022, 2:36 PM IST
Highlights

സ്ഥാനാർത്ഥികളുടെ കരട് പട്ടികയിൽ കാന്തിലാല്‍ അമൃതിയ ഇല്ലായിരുന്നുവെന്ന് ​ഗുജറാത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മുൻ എംഎൽഎക്ക് ടിക്കറ്റ് നൽകി ബിജെപി. അറുപതുകാരനായ കാന്തിലാൽ അമൃതിയയാണ് മോർബിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചത്. മോർബിയിലെ നിലവിലെ എംഎൽഎ ബ്രിജേഷ് മെർജയെ പട്ടികയിൽ‌ നിന്നൊഴിവാക്കുകയും ചെയ്തു. അഞ്ച് തവണ മോർബിയ എംഎൽഎയായിരുന്നു കാന്തിലാൽ. ഒക്ടോബർ 30നാണ് കേബിളുകൾ തകർന്ന് പാലം തകർന്നത്. അപകടത്തിൽ 140ലേറെപ്പേർ കൊല്ലപ്പെട്ടു.

പാലം തകർന്ന് ആളുകൾ നദിയിൽ വീണപ്പോൾ രക്ഷാപ്രവർത്തനത്തിന് ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തിൽ ചാടുന്നത് വീഡിയോകളിൽ കാണാമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ജീവൻ പണയം വെച്ചും ഈ പ്രായത്തിൽ ആളുകളെ രക്ഷിക്കാൻ നദിയിലിറങ്ങിയതിനെ തുടർന്നാണ് മുൻ എംഎൽഎക്ക് സീറ്റ് നൽകിയത്. നേരത്തെ, ബിജെപിയുടെ ഗുജറാത്ത് സ്ഥാനാർത്ഥികളുടെ കരട് പട്ടികയിൽ കാന്തിലാല്‍ അമൃതിയ ഇല്ലായിരുന്നുവെന്ന് ​ഗുജറാത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ​ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോർബി പാലം ദുരന്തം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി. അതുകൊണ്ടാണ് നിലവിലെ എംഎൽഎക്ക് സീറ്റ് നിഷേധിച്ചത്.

രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി ബിജെപി; ആരാണ് റിവാബ ജഡേജ.!

ക്ലോക്ക് നിർമ്മാതാക്കളായ ഒറെവ എന്ന കമ്പനിക്കായിരുന്നു കരാർ നൽകിയതെന്നും ഇവർക്ക് പാലം നിർമാണത്തിൽ വൈദ​ഗ്ധ്യമില്ലായിരുന്നെന്നും ആരോപണമുയർന്നിരുന്നു. 15 വർഷത്തെ കരാറാണ് കമ്പനിക്ക് നൽകിയത്. തകർന്നുവീഴുമ്പോൾ അഞ്ഞൂറോളം ആളുകൾ പാലത്തിന് മുകളിലുണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്. ഡിസംബർ 1, 5 തീയതികളിൽ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കും, ഡിസംബർ 8 ന് ഫലം പ്രഖ്യാപിക്കും.182 പേരുടെ പട്ടികയില്‍ 160 പേരുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ റിവാബ ജഡേജയും ബിജെപിയുടെ പട്ടികയില്‍ ഇടം പിടിച്ചു. 

click me!