
അഗര്‍ത്തല:ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. എട്ട് എംഎല്‍എമാരും മണിക്ക് സാഹക്കൊപ്പം മന്ത്രിമാരായി..ഹോളി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളെ സാക്ഷിയാക്കിയാണ് മണിക്ക് സാഹ സത്യപ്രതിജ്‌ഞ ചെയ്തത്. മുൻ മന്ത്രിസഭയിലെ നാല് പേരും പുതുമുഖങ്ങളായ മൂന്ന് ബിജെപി എംഎല്‍എമാരും മന്ത്രിമാരായി. സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ഏക എംഎല്‍എ ശുക്ലചരണ്‍ നോഅതിയയും മന്ത്രിയായി സത്യപ്രതിഞ‌്ജ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് മണിക്ക് സാഹക്ക് വീണ്ടും അവസരം കൂടി നല്‍കുന്നതിന് പകരം കേന്ദ്രമന്ത്രി പ്രതിമഭൗമിക്കിനെ നിയോഗിക്കാനുള്ള സാധ്യത നിലനിന്നിരുന്നുവെങ്കിലും ബിജെപി അതിന് മുതിര്‍ന്നില്ല. എന്നാല്‍ സിപിഎം നേതാവ് മണിക്ക് സർക്കാരിന്‍റെ മുൻ മണ്ഡലമായ ധൻപൂരില്‍ നിന്ന് വിജയിച്ച പ്രതിമ ഭൗമിക്കിന് പാര്‍ട്ടി എന്ത് ചുമതല നല്‍കുമെന്നതില്‍ ആകാംഷ തുടരുകയാണ്. സിപിഎം ശക്തികേന്ദ്രത്തില്‍ നിന്ന് വിജയിച്ച പ്രതിമ ഭൗമിക്ക് കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരുകയാണെങ്കില്‍ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പ് വേണ്ടി വരുമെന്നത് ബിജെപിയെ കുഴപ്പിക്കുന്നുണ്ട് . നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റ രജിബ് ഭട്ടാചാര്യക്ക് പകരം പ്രതിമ ഭൗമിക്കിനെ ത്രിപുര സംസ്ഥാന അധ്യക്ഷയാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
മൂന്ന് മന്ത്രിസ്ഥാനം ഒഴിച്ചിട്ടാണ് ബിജെപിയുടെ സർക്കാർ രൂപികരണം. ഇത് ഗോത്രവർഗ പാര്‍ട്ടിയായ തിപ്ര മോതയെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് പ്രത്യുദ് ദേബ് ബർമനുമായി ചർച്ചകള്‍ നടത്തുന്നത്. പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനപരമായ പരിഹാരം എന്നതാണ് തിപ്ര മോത നിലപാട്. ഇതില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്താല്‍ പ്രത്യുദും പാര്‍ട്ടിയും എൻഡിഎയുടെ ഭാഗമാകും. എന്നാല്‍ പദവികളേക്കാള്‍ പ്രത്യേക സംസ്ഥാനമാണ് ആവശ്യമെന്ന് തിപ്ര മോത ഫലപ്രഖ്യാപനത്തിന് ശേഷവും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam