ബീഫ് കടത്ത് ആരോപിച്ച് യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതികളെ സഹായിച്ചത് ബിജെപി: വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

By Web TeamFirst Published May 3, 2019, 12:38 PM IST
Highlights

അലിമുദ്ദിൻ അൻസാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കേസ് നടത്തുന്നതിനായി താനും ബിജെപിയും എല്ലാവിധ സഹായങ്ങളും നൽകിയിരുന്നുവെന്ന് ജയന്ത് സിന്‍ഹ വ്യക്തമാക്കി.

ദില്ലി: കാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് ജാർഖണ്ഡ് സ്വദേശി അലിമുദ്ദിൻ അൻസാരിയെ തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് ബിജെപി സാമ്പത്തിക സഹായം നൽകിയിരുന്നതായി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ വെളിപ്പെടുത്തൽ. അലിമുദ്ദിൻ അൻസാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കേസ് നടത്തുന്നതിനായി താനും ബിജെപിയും എല്ലാവിധ സഹായങ്ങളും നൽകിയിരുന്നുവെന്ന് ജയന്ത് സിന്‍ഹ വ്യക്തമാക്കി. ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയന്ത് സിന്‍ഹ വൻ വെളിപ്പെടുത്തലുകൾ നടത്തിയത്.  

കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ ആരും തന്നെ കുറ്റക്കാരല്ല. നീതിയുക്തമല്ലാതെയാണ് അവരെല്ലാവരും ഒരു വർഷം ജയിലിൽ കിടന്നത്. അലിമുദ്ദിൻ അൻസാരിയുടെയും അദ്ദേഹത്തിന്റെ ഭാര്യ മറിയം ഖത്തൂണിന്റെയും കാര്യത്തിൽ തനിക്ക് സങ്കടമുണ്ട്. കേസിലെ പ്രതികളും അവരുടെ കുടുംബാം​ഗങ്ങളും തന്റെ വീട് സന്ദർശിച്ചിരുന്നു. അവരെല്ലാവരും തന്നെ നിര്‍ദോഷികളും പാവപ്പെട്ടവരുമാണ്. താനാണ് അവർക്ക് പുതിയ ജീവിതം നൽകിയതെന്ന് അവർ പറഞ്ഞു. അവർക്ക് പൂമാല ചാർത്താൻ ആവശ്യപ്പെട്ട പ്രകാരം താനത് ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ ആരോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങൾ വീഡിയോയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്നും ജയന്ത് സിൻഹ പറഞ്ഞു.
  
താൻ പൂർണ്ണമായും നീതിക്കൊപ്പമാണ് നിന്നത്. കൊല്ലപ്പെട്ട അലിമുദ്ദിൻ അൻസാരിക്ക് നീതി ലഭിക്കണം. പക്ഷെ നിരപരാധികളായവർ എന്തിന് ഒരുവർഷം ജയിലിൽ കിടക്കണം. പ്രതികളെല്ലാവരും പാവപ്പെട്ടവരാണ്. അവർക്ക് കേസ് നടത്താനുള്ള പണം പോലും ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മറിയം തന്റെ വീട്ടിൽ വരുകയോ അല്ലെങ്കിൽ ആരെയെങ്കിലും വിട്ട് സാഹായം ആവശ്യപ്പെടുകയോ ചെയ്തിരുന്നെങ്കിൽ താൻ അവരെ സഹായിക്കുമായിരുന്നുവെന്ന്, അലിമുദ്ദിൻ അൻസാരിയുടെ കുടുംബത്തിനായി എന്തെങ്കിലും ചെയ്തിരുന്നോയെന്ന എന്ന ചോദ്യത്തിന് മറുപടിയായി സിൻഹ പറഞ്ഞു.

2017 ജൂൺ 29-നാണ് കാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് നാൽപ്പതുകാരനായ അലിമുദ്ദിൻ അൻസാരിയെ ആൾക്കൂട്ടം തല്ലി കൊലപ്പെടുത്തിയത്. 2018 മാർച്ചിൽ കേസിലെ ബിജെപി പ്രവർത്തകർ അടക്കം 11 പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ജാർഖണ്ഡ് ഹൈക്കോടതി പ്രതികളിലെ എട്ട് പേർക്ക് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണമായിരുന്നു അന്ന് ജയന്ത് സിൻഹയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ജാർഖണ്ഡിലെ ബിജെപി പ്രദേശിക നേതൃത്വമാണ് സ്വീകരണം ഏർപ്പെടുത്തിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതികൾ നേരെ ചെന്നത് സിന്‍ഹയുടെ വസതിയിലെത്തിയിരുന്നു. അവിടെവച്ച് ജയന്ത് സിന്‍ഹ പ്രതികളെ മാലയണിയിച്ച് സ്വീകരിക്കുന്നതിന്റെയും മധുരം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു.  

click me!