ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക തയ്യാറാക്കിയതായും തയ്യാറായിരിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്. 

ദില്ലി : ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ പൌരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാനിൽ നിന്നും ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക തയ്യാറാക്കി. പട്ടികയിൽ ഉൾപ്പെട്ട ആളുകളോടും തയ്യാറായി നിൽകാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ഇറാനിൽ ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥികളോടും മടങ്ങാനാണ് ഇന്ത്യയുടെ നിർദ്ദേശം.ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം.

ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കൽ കോളേജുകളിലടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീർത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. ഇറാൻ അധികൃതർ സഹകരിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും. അതിന് ശേഷമാകും ഒഴിപ്പിക്കൽ ആരംഭിക്കുക.

+989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇതിൽ ലഭ്യമാകുന്നില്ലെങ്കിൽ cons.tehran@mea.gov.in എന്ന ഇമെയിൽ ഐഡി ഉപയോഗിച്ചും ബന്ധപ്പെടാവുന്നതാണ്.

 മയപ്പെട്ട് അമേരിക്ക

ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ, സൈനിക നടപടിക്ക് അമേരിക്ക മുതിർന്നേക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യങ്ങൾ പൌരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തിത്തുടങ്ങിയത്. എന്നാൽ അമേരിക്ക തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്ന സാഹചര്യമുണ്ടായാൽ, അമേരിക്കൻ സൈനിക കേന്ദ്രങ്ങളുള്ള തങ്ങളുടെ അയൽ രാജ്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മറുപടി നൽകിയതോടെ, അറബ് രാജ്യങ്ങളും സംഘർഷഭരിതമായി. ഇറാൻ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അത് പശ്ചിമേഷ്യയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കും. അങ്ങനെയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി, ഈജിപ്ത്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയോട് സൈനിക നടപടിയിൽ നിന്നും പിന്നോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. ഈ നിർദ്ദേശം കണക്കിലെടുത്ത് നിലവിൽ അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.