
ദില്ലി: കോൺഗ്രസ് നേതാവ് പവൻ ഖേര വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി ബിജെപി. ദില്ലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് ആഗോള നേതാക്കളുടെയും ജനപ്രീതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ ദില്ലി ബിജെപി നേതാവ് വിജയ് ഗോയൽ സ്ഥാപിച്ചതായി കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചിരുന്നു. എന്നാൽ, ബാനറുകൾ പഴയതാണെന്നും കോൺഗ്രസ് നേതാവ് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും ബിജെപി തിരിച്ചടിച്ചു. എക്സിലാണ് പവൻ ഖേര വിജയ് ഗോയലിനെതിരെ രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും ജനപ്രിയമായ ആഗോള നേതാവ് എന്ന അടിക്കുറിപ്പോടെയുള്ള കട്ടൗട്ടാണ് പവൻ ഖേര ചൂണ്ടിക്കാട്ടിയത്.
ഈ വർഷമാദ്യം, 'മോർണിംഗ് കൺസൾട്ട്' എന്ന സ്ഥാപനം ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ നടത്തിയ സർവേയിൽ 78 ശതമാനം പേരുടെ പിന്തുണയുള്ള ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി മോദി. 22 നേതാക്കളിൽ നടത്തിയ സർവേയിൽ പ്രധാനമന്ത്രി മോദിയാണ് ഒന്നാമത്. മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡയുടെ ജസ്റ്റിൻ ട്രൂഡോയും 40 ശതമാനം വീതം അംഗീകാരം നേടി യഥാക്രമം ഏഴ്, ഒമ്പത് സ്ഥാനങ്ങൾ നേടി.
ജി 20 ഉച്ചകോടി ഒമ്പതിന് തുടങ്ങാനിരിക്കെ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ജി 20 യില്‍ ചൈനീസ് പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് ദില്ലിയിൽ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധം പ്രഖ്യാപിച്ചത്. നാളെ ദില്ലിയിലെ മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന അനധികൃതമായി തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ചൈനീസ് പ്രതിനിധി സന്ദർശനം നടത്തുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നും ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് വിവരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam