
ദില്ലി: രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസ് ആണെന്നും രാജ്യ താത്പര്യം സംരക്ഷിക്കുന്ന ഏകപാർട്ടി ബിജെപിയാണെന്നും അനിൽ ആന്റണി. ഇന്നലെ ബിജെപിയിൽ അംഗത്വം സ്വീകരിച്ച അനിൽ, ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്നും തന്നെ സ്വീകരിച്ചതിൽ പാർട്ടി നേതൃത്വത്തോട് നന്ദിയുണ്ടെന്നും വ്യക്തമാക്കി. കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്നും അനിൽ ആന്റണി വിമർശിച്ചു. ഇന്നലെയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്ന് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്നും അനിൽ പറഞ്ഞു. ഇന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും നല്ല പാർട്ടി ബിജെപിയാണ്. അതിനുള്ള ഏറ്റവും നല്ല നേതാവ് നരേന്ദ്രമോദിയാണ് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കി കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ വരും തെരഞ്ഞെടുപ്പിൽ കൂടുതൽ കൂടുതൽ ബിജെപിക്കായി വോട്ട് ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും ഭാവി ബിജെപിയാണെന്നും അനിൽ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.