
നിതിഷും ജെഡിയുവും പടിയിറങ്ങുന്നതോടെ എൻഡിഎ മുന്നണിയിലെ കരുത്തുറ്റ ഘടകകക്ഷിയായി ബിജെപി മാത്രം ബാക്കിയാവുന്ന കാഴ്ചയാണ് കാണുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ പിളര്‍ന്ന ശിവസേന ദുര്‍ബലമായി കഴിഞ്ഞു. ജയലളിതയുടെ മരണവും ഇപിഎസ് ഒപിഎസ് പോരും എഐഎഡിഎംകെയേയും തളര്‍ത്തി. ലോക്സഭയിൽ 303 എംപിമാരുള്ള ബിജെപി കഴിഞ്ഞാൽ ഇനി എൻഡിഎ സഖ്യത്തിലെ ശക്തമായ പാര്‍ട്ടി ആറ് എംപിമാരുള്ള ലോക്ജനശക്തി പാര്‍ട്ടിയാണ്.
ജെഡിയുവിൽ നിന്നും വേര്‍പിരിഞ്ഞ അന്തരിച്ച നേതാവ് രാം വില്വാസ് പാസ്വാൻ രൂപീകരിച്ച പാര്‍ട്ടിയാണ് ലോക്ജനശക്തി പാര്‍ട്ടി എന്ന എൽ.ജെ.പി. 2020-ൽ രാംവില്വാസ് പാസ്വാൻ അന്തരിച്ച ശേഷം അദ്ദേഹത്തിൻ്റെ മകൻ ചിരാഗ് പാസ്വാനും പശുപതി കുമാര്‍ പരസും തമ്മിലുള്ള ചേരിപ്പോരിനൊടുവിൽ ചിരാഗ് പാര്‍ട്ടിക്ക് പുറത്തായി. പശുപതി കുമാര്‍ പരസിനെ ബിജെപി അംഗീകരിക്കുകയും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകുകയും ചെയ്തു.
ബിഹാറിൽ നിന്നുള്ള എൽജെപി കഴിഞ്ഞാൽ യുപിയിൽ നിന്നുള്ള അപ്നാദളാണ് ഇനി എൻഡിഎയിലെ മറ്റൊരു പ്രമുഖകക്ഷി. ലോക്സഭയിൽ അവര്‍ക്ക് രണ്ട് എംപിമാരുണ്ട്. ഒരോ രാജ്യസഭാ എംപിമാര്‍ വീതമുള്ള പട്ടാളിമക്കൾ കക്ഷിയും തമിഴ് മാനിലാ കോണ്‍ഗ്രസും കഴിഞ്ഞാൽ എൻഡിഎയിലെ ബാക്കി കക്ഷികളെല്ലാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാര്‍ട്ടികളാണ്. ഈ കക്ഷികൾക്കെല്ലാം ഒരൊറ്റ എംപി മാത്രമാണുള്ളതും.
പാര്‍ട്ടി - എംപിമാര്‍ (ലോക്സഭ/രാജ്യസഭ)
അതേസമയം രാജിപ്രഖ്യാപനത്തിന് മുന്നോടിയായി ചേര്‍ന്ന ജെഡിയു നേതാക്കളുടെ യോഗത്തിൽ ബിജെപിക്കെതിരെ അതിരൂക്ഷവിമര്‍ശനമാണ് നിതീഷ് കുമാര്‍ നടത്തിയത്. ഒന്നിച്ചു നീങ്ങേണ്ട സര്‍ക്കാരിനെതിരെയാണ് പലപ്പോഴും ബിജെപി പ്രവര്‍ത്തിച്ചതെന്ന് യോഗത്തിൽ നിതീഷ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ എന്ന പോലെ ബിഹാറിലും സഖ്യകക്ഷിയെ വിഴുങ്ങാനുള്ള പണി ബിജെപി എടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഖ്യകക്ഷിയായ ബിജെപി തൻ്റെ പാര്‍ട്ടിയായ ജെഡിയുവിനെ പതിയെ വിഴുങ്ങുന്നുവെന്ന ആശങ്ക ഏറെക്കാലമായി ബിഹാറിൽ നിതീഷിനുണ്ടായിരുന്നു. മോദി - അമിത് ഷാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചത് നിതീഷ് ആശങ്കയോടെയാണ് കണ്ടത്. ബിജെപിയേക്കാൾ തീവ്രനയങ്ങൾ പുലര്‍ത്തി പോന്ന ശിവസേനയെ പിളര്‍ത്തിമഹാരാഷ്ട്രയിൽ ബിജെപിനടത്തിയ കരുനീക്കത്തോടെ അനിവാര്യമായ പിളര്‍പ്പിലേക്ക് ഒരു തരത്തിൽ ബിഹാറിൽ ജെഡിയു എത്തിയത്.
മഹാരാഷ്ട്രയിൽ തൻ്റെ പാര്‍ട്ടിയെ ബിജെപി വിഴുങ്ങുന്ന എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്ധവ് താക്കറെ ബദ്ധവൈരികളായ കോണ്‍ഗ്രസുമായി കൈ കോര്‍ത്തത്. എന്നാൽ ആ പാര്‍ട്ടി തന്നെ പിളര്‍ത്തി ഉദ്ധവിനെ അപ്രസക്തനാക്കി ബിജെപി പ്രതികാരം ചെയ്തു.
2020-ൽ ബിജെപി ഔദാര്യമായി തന്ന മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന ഘട്ടത്തിലും ആ സര്‍ക്കാര്‍ അധികകാലം അധികാരത്തിൽ പോകില്ലെന്ന് നിതീഷിന് വ്യക്തമായി അറിയാമായിരുന്നു എന്ന് കരുതുന്ന നിരവധി രാഷ്ട്രീയ നിരീക്ഷകരുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് 2015-ൽ നടന്ന തെരഞ്ഞെടുപ്പിൽ 71 സീറ്റുകളിൽ ജയിച്ച ജെഡിയു 2020-ൽ എത്തിയപ്പോൾ 43 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. 2015-ൽ 53 സീറ്റിൽ ജയിച്ച ബിജെപി 2020-ൽ 74 സീറ്റിൽ ജയിച്ചു ജെഡിയുവിനേക്കാൾ വലിയ കക്ഷിയായി വളര്‍ന്നു. ജെഡിയുവിൻ്റെ ഇടങ്ങളിൽ ബിജെപി പടരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ നിതീഷ് തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കറ കളഞ്ഞ വ്യക്തിത്വമായി വിശേഷിപ്പിക്കപ്പെടുന്ന നീതിഷിന് ബിജെപിയോട് വേര്‍പിരിയാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നതിന് പല കാരണങ്ങളുണ്ട്.
ബിഹാറിലെ ജെഡിയു - ബിജെപി സഖ്യത്തിൻ്റെ അടിത്തറയായിരുന്നു ഒന്നാമത്തെ കാരണം. ബിഹാറിൽ ജെഡിയുവിൻ്റെ പരമ്പരാഗത ശത്രുക്കളായിരുന്നു ലാലു പ്രസാദ് യാദവിൻ്റെ ആര്‍ജെഡി. മറുവശത്ത് ബിജെപിയും ജെഡിയുവും തമ്മിൽ അടുത്ത ബന്ധമായിരുന്നു. ഇരുപാര്‍ട്ടികളിലേയും നേതാക്കൾ തമ്മിലും ആ ഇഴയടുപ്പം വ്യക്തമായിരുന്നു. പല ജെഡിയു നേതാക്കളുടേയും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കഠിന പ്രയ്തനമുണ്ടായിരുന്നു.
കൃത്യമായൊരു കാരണമില്ലാതെ എൻഡിഎ വിട്ടാൽ സ്വന്തം പാളയത്തിലെ നേതാക്കൾ തന്നെ അതിനെതിരെ തിരിയും എന്ന് നിതീഷ് മുൻകൂട്ടി കണ്ടു. മറ്റുപാര്‍ട്ടികളിൽ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാൻ മിടുക്കരായ ബിജെപി ജെഡിയു ക്യാംപിൽ അതൃപ്തരെ പൊക്കുമെന്നതും നിതീഷ് തിരിച്ചറിഞ്ഞു.
ജെഡിയു പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയിൽ എത്തിയ ആര്‍പിസി സിംഗ് ബിജെപിയുടെ ആളായി പെരുമാരുന്നുവെന്ന പരാതി ദീര്‍ഘകാലമായി നിതീഷിന് ഉണ്ടായിരുന്നു. ബിജെപിക്കാരനായ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ നിരന്തരം സര്‍ക്കാരിനെതിരെ നീങ്ങുന്നതിലും നിതീഷ് പലവട്ടം ബിജെപിയെ അതൃപ്തി അറിയിച്ചു. കേന്ദ്രമന്ത്രിസഭയിൽ തങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നും കഴിഞ്ഞ കുറേക്കാലമായി നിതീഷ് ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ ഇതെല്ലാം ബിജെപി അവഗണിച്ചത് നിതീഷ് ആയുധമാക്കി. മഹാരാഷ്ട്രയിൽ ശിവസേനയെ തന്നെ ഇല്ലാതാക്കി ബിജെപി നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളോടെ അനിവാര്യമായ പടിയിറക്കത്തിന് ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ ആവശ്യത്തിന് കാരണങ്ങൾ നിതീഷിന് കിട്ടുകയും ചെയ്തു.
ഏതെങ്കിലും ഒരു മതത്തിൻ്റേയോ സമുദായത്തിൻ്റേയോ ലേബൽ പതിഞ്ഞ നേതാവല്ല നിതീഷ് കുമാര്‍. കുടുംബരാഷ്ട്രീയത്തിൻ്റെ പരാമ്പര്യവും അദ്ദേഹതിനില്ല. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സവിശേഷമായൊരു പരിവേഷം നിതീഷിനുണ്ട്. ആര്‍ക്കും കീഴിൽ നിൽക്കുന്ന സ്വഭാവക്കാരനുമല്ല അദ്ദേഹം. ഗുജറാത്ത് കലാപത്തിന് പിന്നാലെ മോദിക്കെതിരെ രംഗത്ത് എത്തിയ പ്രമുഖ ജെഡിയു നേതാവായിരുന്നു നിതീഷ്. എന്നാൽ പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോൾ നിതീഷിനേക്കാൾ കൂടുതൽ സ്വാധീനം ആര്‍ജെഡിക്കാവും എന്ന് കരുതുന്നവരാണ് ഏറെ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ അടിതെറ്റിയ പ്രതിപക്ഷത്തിന് ബിഹാര്‍ താത്കാലിക ആശ്വാസമാണ്. പുതുതായി രൂപീകരിക്കുന്ന ജെഡിയു - ആര്‍ജെഡി സഖ്യസര്‍ക്കാരിൽ കോണ്‍ഗ്രസും ചേരും എന്നാണ് വിവരം. മഹാരാഷ്ട്ര നഷ്ടപ്പെട്ടതിന് പിന്നാലെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനത്തിൽ ബിജെപി അധികാരത്തിന് പുറത്താവുന്നത് പ്രതിപക്ഷ ക്യാംപിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. എന്നാൽ 2024-ലേക്ക് ഇനിയുമേറെ ദൂരമുണ്ട് എന്നിരിക്കേ ബിഹാറിൽ രാഷ്ട്രീയനാടകങ്ങൾ അവസാനിക്കുന്നില്ല എന്നുറപ്പിക്കാം.
എൻഡിഎ
മഹാഗഡ്ബന്ധൻ
യുപിഎ
.....................................
79 എം എൽ എമാർ ഉള്ള ആർജെഡിയും 19 അംഗങ്ങൾ ഉള്ള കോൺഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നൽകിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം സാധിക്കും. 160 എംഎൽഎമാരുടെ പിന്തുണയറിയിച്ചുള്ള കത്ത് നിതീഷ് കുമാർ ഗവർണ്ണർക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം എത്തിയാണ് നിതീഷ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ കളി മാറി കളിച്ചില്ലെങ്കിൽ നാളെ തന്നെ ബിഹാറിൽ പുതിയ സര്‍ക്കാര്‍ അധികാരമേൽക്കാനാണ് സാധ്യത.