വീണ്ടും കളംമാറ്റി നിതീഷ്, ബിഹാറിൽ ഇനിയെന്ത് ? ബിജെപിയുടെ 'ട്വിസ്റ്റ്' ഉണ്ടാകുമോ?

By P R VandanaFirst Published Aug 9, 2022, 5:38 PM IST
Highlights

ബിഹാറി ബാബുമാർ വീണ്ടും വാർത്തകളിലെത്തുന്നു.   ഇത്രയേറെ ചർച്ചയാകുന്ന നേതാക്കൻമാരും കൂട്ടുകെട്ടുകളും അഴിമതിയും ഞാണിൻമേൽ കളിയും കളംമാറലും എല്ലാം വേറെ ഒരു സംസ്ഥാനത്തും ഇത്രമേൽ ‘കളർഫുൾ  ‘ആകാറില്ല. രാഷ്ട്രീയ ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തർപ്രദേശ് പോലും രണ്ടാമത് ആണ്

ബിഹാറി ബാബുമാർ വീണ്ടും വാർത്തകളിലെത്തുന്നു.   ഇത്രയേറെ ചർച്ചയാകുന്ന നേതാക്കൻമാരും കൂട്ടുകെട്ടുകളും അഴിമതിയും ഞാണിൻമേൽ കളിയും കളംമാറലും എല്ലാം വേറെ ഒരു സംസ്ഥാനത്തും ഇത്രമേൽ ‘കളർഫുൾ  ‘ആകാറില്ല. രാഷ്ട്രീയ ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തർപ്രദേശ് പോലും രണ്ടാമത് ആണ്.  കാര്യം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബിജെപിയുമായി നിതീഷ് കുമാർ കുറച്ചു കാലമായി ഇത്തിരി പിണക്കത്തിലായിരുന്നു.

 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുണ്ടാകുമോ എന്ന കാര്യത്തിൽ അത്ര ഉറപ്പൊന്നും പറഞ്ഞില്ല, കേന്ദ്രമന്ത്രിസഭയിൽ നിന്ന് വിട്ടുനിന്നു. തീർന്നില്ല, ജാതി സെൻസസിന്റെ കാര്യത്തിലും നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ കാര്യത്തിലും ബിജെപിയോട് നീരസമുണ്ടായിരുന്നു നിതീഷിന്. ദില്ലിയിൽ നടന്ന ഒട്ടേറെ യോഗങ്ങളിൽ നിതീഷ് പങ്കെടുത്തില്ല. പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗ് യോഗവും ഇതിലുൾപ്പെടും. അഗ്നിപഥ് പ്രതിഷേധങ്ങളുടെ കാലത്ത് നിതീഷ് പരസ്യമായി പറഞ്ഞില്ലെങ്കിലും ജെഡിയുവിലെ ഒട്ടേറെ മുതിർന്ന നേതാക്കൾ കേന്ദ്രം പ്രതിഷേധക്കാരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. 

തന്റെ മന്ത്രിസഭയിലേക്കുള്ള ബിജെപി അംഗങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടി നിർണയാവകാശം വേണമെന്നും നിതീഷ് ആഗ്രഹിച്ചിരുന്നു. പക്ഷേ പരിഗണിക്കപ്പെട്ടില്ല. തനിക്ക് വേണ്ട ബഹുമാനം ബിജെപി തരുന്നില്ലെന്നാണ് നിതീഷിന്റെ പ്രധാന പരാതി. തീർന്നില്ല. പാർട്ടിയെ പിളർത്തി ബിഹാറിലെ ശക്തി കൂട്ടാൻ അമിത്ഷായുടെ നേതൃത്വത്തിൽ ബിജെപി തന്ത്രങ്ങൾ പയറ്റുന്നുണ്ടെന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്. പാർട്ടിക്കായി മുന്നോട്ടുവെച്ച ഏക കേന്ദ്രമന്ത്രി സീറ്റിലേക്ക് ആർസി.പി.സിങ് സ്വമേധയാ പോയതാണ് ഈ തോന്നലിന് തുടക്കം.   

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയെ മുൻനിർത്തി ബിജെപി കളിച്ച തന്ത്രം നിതീഷിന്റെ ആശങ്കക്ക് ആക്കം കൂട്ടി. എന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ നിതീഷിന്റെ  തലപ്പൊക്കം അംഗീകരിച്ചിരുന്നതാണെന്ന് ബിജെപി പറയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ  സീറ്റ് ബിജെപിക്ക് ആയിട്ടും നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കി, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് തന്നെ മത്സരിക്കുമെന്ന് ആദ്യമേ പറഞ്ഞു. ഇതൊക്കെയാണ് ബിജെപി വാദത്തിന് പിന്തുണയുമായി ഉന്നയിക്കുന്ന കാര്യങ്ങൾ.  

എന്തായാലും നിതീഷ് വീണ്ടുമൊരിക്കൽ കൂടി കളം മാറ്റി ചവിട്ടുമ്പോൾ നിയമസഭയിലെ കണക്കുകൾ ആവേഗം കൂട്ടുന്നതു തന്നെയാണ്. പഴയ-പുതിയ ചങ്ങാതിയായ ആർജെഡി ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. 79 സീറ്റ്. കോൺഗ്രസിന് 19. ജെഡിയുവിന് ഉള്ളത് 45 അംഗങ്ങൾ. ബിജെപിക്ക് 77 എംഎൽഎമാർ. 243 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122പേരുടെ പിന്തുണ. 12 അംഗങ്ങളുള്ള സിപിഐഎംഎല്ലും, 4 അംഗങ്ങളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും മഹാസഖ്യത്തിന്റെ രണ്ടാംപതിപ്പിനെ പിന്തുണക്കുന്നു. ചുരുക്കത്തിൽ 160 പേരുടെ പിന്തുണ. ബിഹാർ മുഖ്യമന്ത്രി എന്ന എക്കാലത്തും കൊതിതീരാത്ത പദവിയിൽ നിതീഷിന് തുടരാം.

ജെഡിയു എന്ത് അടിസ്ഥാനത്തിലാണ് ആർജെഡിയുമായി വീണ്ടും സഹകരിക്കുന്നത് എന്നാണ് ബിജെപി ഉയർത്തുന്ന ചോദ്യം. അവരുടെ അഴിമതി ഉയർത്തിയാണ് ആർജെഡിയുമായി നിതീഷ് തെറ്റിയത്. 2017ൽ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ പേര് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഉയർന്നുവന്നപ്പോഴായിരുന്നു അത്. ആ‍‍ർജെഡിയും ജെഡിയും കോൺഗ്രസും ഉൾപെട്ട മഹാസഖ്യത്തിന്റെ ഒന്നാംപതിപ്പ് അന്ന് അങ്ങനെയാണ് പൊളിഞ്ഞത്.   പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച നിതീഷ്  ദിവസം ഒന്ന് കഴിയുംമുന്പ് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി. തേജസ്വിയുടെ കേസ് തീർപ്പായിട്ടില്ല. അച്ഛനും ആർജെഡിയുടെ മുഖവുമായ ലാലു പ്രസാദ് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇതൊന്നും ഇപ്പോൾ പ്രശ്നമല്ലേ, ഘടകമല്ലേ എന്നാണ് ബിജെപിയുടെ ചോദ്യങ്ങൾ.

ആർജെഡിയുടെ മറുപടി, തേജസ്വിക്ക് എതിരെയുള്ള കേസുകൾ രാഷ്ട്രീയപകവീട്ടൽ എന്നാണ്. അധികാരത്തിൽ തുടരാൻ വേണ്ടി അന്ന് അങ്ങനെ നിതീഷ് ചെയ്തു. അത്രയേ ഉള്ളുവെന്നും. ബിജെപിയുമായി മുമ്പ് നിതീഷ് തെറ്റിയ കാര്യവും അവർ ഓർമപ്പെടുത്തുന്നു. നിതീഷിന്റെ കയ്യിൽ കളംമാറ്റികളിക്കലിന്റെ    ഒരു പുസ്തകം തന്നെയുണ്ടെന്നും.  94-ലാണ് അതുവരെ ചങ്ങാതിയായിരുന്ന ലാലുപ്രസാദുമായി നിതീഷ് കുമാർ തെറ്റിയത്. ശേഷം ജോർജ് ഫെർണാണ്ടുസമായി ചേർന്ന് സമതാപാർട്ടി രൂപീകരിച്ചു. 96-ൽ ബിജെപിക്ക് കൈ കൊടുത്ത നിതീഷ് വാജ്പേയ് മന്ത്രിസഭയിൽ അംഗവുമായി. ഇതിനിടയിൽ പ്രസിഡന്റ് ശരദ് യാദവുമായി തെറ്റി ജനതാദൾ വിട്ട ലാലു പ്രസാദ് ആർജെഡി രൂപീകരിച്ചു. ശരദ് യാദവിന്റെ ജനതാദളുമായി സമതാപാർട്ടി ലയിച്ചു. 2003ൽ അങ്ങനെ ജനതാദൾ യുണൈറ്റഡ് പിറന്നു. നിതീഷ്കുമാർ അതിന്റെ നേതാവുമായി. 2005ലും 2010ലും ബിജെപി പിന്തുണയോടെ അധികാരമേറി. 2013ലാണ് ബിജെപിയുമായുള്ള 17 വർഷത്തെ ബന്ധം നിതീഷ് അവസാനിപ്പിച്ചത്. 

Read more: 'ഓപറേഷൻ മഹാരാഷ്ട്ര' അപകടം മണത്തു'; മറുകണ്ടം ചാടി നിതീഷ്, പകച്ച് ബിജെപി

തൊട്ടടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തലവനായി നരേന്ദ്രമോദിയെ നിശ്ചയിച്ചപ്പോഴായിരുന്നു അത്. അന്ന് കോൺഗ്രസ് പിന്തുണയോടെ നിയമസഭയിൽ വിശ്വാസം തെളിയിച്ചെങ്കിലും 2014ൽ തന്നെ പദവിയൊഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെന പ്രകടനം രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അത്. പക്ഷേ ഒരു കൊല്ലം തികയുംമുമ്പ് മുഖ്യമന്ത്രിപദത്തിൽ നിതീഷ് തിരിച്ചെത്തി. വിമതനായ ജിതൻ രാം മാഞ്ചിയെ ഒഴിവാക്കാൻ അദ്ദേഹത്തിനൊപ്പം നിന്നത് ആർജെഡിയും കോൺഗ്രസും. അതേ മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി ആവാം മോർച്ച ഇക്കുറിയുള്ള പകിടംകളിയിൽ നിതീഷിനൊപ്പം ഉണ്ട് എന്നത് ബിഹാറിലെ രാഷ്ട്രീയക്കളിയിലെ തമാശകളിൽ മറ്റൊന്ന്. 

Read more: ബിജെപി സഖ്യം വിട്ടു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ പോലെ തന്നെ, ഒരു പക്ഷേ അതിനേക്കാളുമുപരി തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള തന്ത്രങ്ങളിൽ കൈവഴക്കം കൂടുതലുള്ള ബിജെപി ഇറക്കാൻ പോകുന്ന കാർഡ് ആകും ബിഹാർ രാഷ്ട്രീയത്തിലെ രസമുള്ള ട്വിസ്റ്റ്. മഹാരാഷ്ട്ര റീ ലോഡഡ് അറ്റാക്ക് എന്താകും? ആർ.പി സിങ്ങ് ആകുമോ അറ്റാക്ക് പോസ്റ്റർ ബോയ്? രസമുള്ള, ഉദ്വേഗമുള്ള മണിക്കൂറുകളാണ് രാഷ്ട്രീയ ചതുരംഗക്കളത്തിൽ വരാനിരിക്കുന്നത്. എല്ലാം കണ്ട് വോട്ടർമാരെന്ന കാഴ്ചക്കാരും. 

click me!