
ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറി ബിജെപിയിലെത്തിയ എംഎൽഎ തിരികെ കോൺഗ്രസിലേക്ക്. സിന്ധ്യയുടെ വിശ്വസ്തനായ ബൈജ്നാഥ് സിങ്ങാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിലേക്ക് തിരികെ പോയത്. ശിവപുരിയിൽ സ്വാധീനമുള്ള നേതാവാണ് ബൈജ്നാഥ്. വളരെ നാടകീയമായിരുന്നു ബൈജ്നാഥിന്റെ കോൺഗ്രസ് പ്രവേശനം. ശിവപുരിയിൽ നിന്ന് ഭോപ്പാലിലേക്കുള്ള 300 കിലോമീറ്റർ ദൂരം 400 കാറുകളുടെ അകമ്പടിയോടെയാണ് ബൈജ്നാഥ് എത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബൈജ്നാഥിന് സീറ്റ് ലഭിക്കില്ലെന്ന് അഭ്യൂഹമുയർന്നതിനെ തുടർന്നാണ് അദ്ദേഹം ബിജെപി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാക്കളായ കമൽനാഥും ദിഗ്‌വിജയ സിംഗും ബൈജ്നാഥിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബൈജ്നാഥ് സിങ്ങിനൊപ്പം ബിജെപിയുടെ 15 ജില്ലാതല നേതാക്കളും കോൺഗ്രസിലേക്ക് മാറി. ശിവപുരിയിൽ സ്വാധീനമുള്ള ബൈജ്‌നാഥ് സിംഗ് 2020ൽ കോൺഗ്രസ് ഭരണം അട്ടിമറിക്കുന്നതിൽ പ്രധാനിയായിരുന്നു. കമൽനാഥ് സർക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിച്ച നീക്കത്തിൽ സിന്ധ്യയോടൊപ്പം നിന്ന നേതാവാണ് ബൈജ്നാഥ്. 400 കാറുകളുടെ അകമ്പടിയോടെ സൈറൺ മുഴക്കി കുതിച്ച് പായുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. സിനിമാ സ്റ്റൈലിലാണ് നേതാവിന്റെ പാർട്ടി മാറലെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് സൈറൺ മുഴക്കാൻ അനുവാദമുള്ളൂ.
സൈറണുകൾ ഉപയോഗിക്കുന്നത് കോൺഗ്രസിന്റെ ഫ്യൂഡൽ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി വിമർശിച്ചു. സൈറണുകളും നിയമവിരുദ്ധ ബീക്കണുകളും ഉപയോഗിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ മാനസികാവസ്ഥയാണ് കണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഐപി സംസ്കാരം ഇല്ലാതാക്കിയെങ്കിലും കോൺഗ്രസിന്റെ ഫ്യൂഡൽ മാനസികാവസ്ഥയാണ് പ്രകടമാകുന്നതെന്നും ബിജെപി വക്താവ് ഡോ ഹിതേഷ് ബാജ്പേയി പറഞ്ഞു.
കഴിഞ്ഞ തവണ കോൺഗ്രസ് അധികാരം പിടിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കൂറുമാറിയതോടെ ബിജെപി ഭരണം പിടിച്ചെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam