
ഭോപ്പാല്‍: കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ക്ഷേത്ര സന്ദര്‍ശനത്തിന് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിവാദത്തില്‍. ചൊവ്വാഴ്ച ഉജ്ജെയിനിയിലാണ് വിവാദത്തിന് കാരണമായ സംഭവം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.
കമല്‍നാഥിന്‍റെ അനന്തരവനും അനന്തരവള്‍ക്കും ഉജ്ജെയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് വിഐപി പരിഗണന ലഭിച്ചത്. മംഗള്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി. ആറ് സര്‍ക്കാര്‍ വാഹനങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. വിഐപികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയത്.
സര്‍ക്കാര്‍ ചട്ടമനുസരിച്ച് മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വിഐപി പരിഗണന നല്‍കരുതെന്ന് വ്യക്തമാക്കുന്നു. നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് നിലവിലെ വിവാദം തലവേദനയാകും. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. രോഗികള്‍ക്ക് ആംബുലന്‍സ് ലഭിക്കാത്ത അവസ്ഥയില്‍ മുഖ്യമന്ത്രിയുടെ അനന്തരവന് ക്ഷേത്രദര്‍ശനത്തിനായി ആംബുലന്‍സ് നല്‍കിയത് നാണക്കേടാണെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി ആരോപിച്ചു.
അഞ്ച് ദിവസം മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മധ്യപ്രദേശിലെത്തിയപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വിഐപി പരിഗണന നല്‍കിയിട്ടില്ലെന്നും മതിയായ സുരക്ഷ മാത്രമാണ് നല്‍കിയതെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam