
ദില്ലി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വീഡിയോയിൽ പ്രതികരണവുമായി ബിജെപി. വീഡിയോ രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി ശങ്കർ പ്രസാദ് പറഞ്ഞു. സ്ത്രീസുരക്ഷ വളരെ ഗൗരവമായി പരിഗണിക്കുന്ന സർക്കാറാണിത്. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചുവെന്നും ശക്തമായ നടപടിക്ക് നിർദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർലമെന്റിൽ വിഷയത്തിൽ ഗൗരവകരമായ ചർച്ച തന്നെയാണോ കോൺഗ്രസിന് വേണ്ടത്. എന്നാൽ സഭയിൽ ഏത് നടപടി പ്രകാരം ചർച്ച ചെയ്യണം എന്നതിൽ കോൺഗ്രസ് തർക്കിക്കുകയാണ്. മണിപ്പൂർ സംഭവമല്ല കോൺഗ്രസിന് പ്രധാനം, ഈഗോയാണെന്നും ബിജെപി വിമര്‍ശിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ എണ്‍പത് ദിവസത്തിന് ശേഷമാണ് മൗനം വെടിഞ്ഞ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ് , മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പത്ത് പ്രതിപക്ഷ എംപിമാര്‍ ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പഴയ മന്ദിരത്തില്‍ രാവിലെ ചേര്‍ന്ന ലോക്സസഭയും രാജ്യസഭയും അന്തരിച്ച ജനപ്രതിനിധികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി രണ്ട് മണി വരെ നിര്‍ത്തി വച്ചു.
Also Read: സജീവമാകാന്‍ അനില്‍ ആന്‍റണി, പ്രധാനമന്ത്രിയെ നേരില്‍ കണ്ടു; കേരളത്തിലെ സാഹചര്യം ചർച്ചയായി
അതേസമയം, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുയും ചെയ്ത വീഡിയോയിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടൽ നടത്തി. വിഷയം പരിഗണിക്കവേ സുപ്രീംകോടതി അസ്വസ്ഥമാണെന്ന് ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. വർഗീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിച്ച് ലിംഗപരമായ അതിക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ കോടതി ഇടപെടൽ നടത്തുമെന്ന് വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും നടപടിയെടുക്കണമെന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് ജൂലായ് 28-നകം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. അടുത്ത വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..