'മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ഗാന്ധി യുപിയിൽ ഗുണ്ടകളെ കൊണ്ടുവരുന്നു': ആരോപണവുമായി ബിജെപി നേതാവ്

By Web TeamFirst Published Jan 7, 2020, 9:10 PM IST
Highlights

ഉത്തര്‍പ്രദേശില്‍ അക്രമങ്ങൾ സൃഷ്ടിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ​ഗുണ്ടകളെ കൊണ്ടുവരികയാണെന്ന് സിംഗ് ആരോപിച്ചു.

ലഖ്നൗ: കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ ആരോപണവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ്. സംസ്ഥാനത്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ​ഗുണ്ടകളെ കൊണ്ടുവരികയാണെന്ന് സിംഗ് ആരോപിച്ചു.

"കഴിഞ്ഞ മൂന്ന് വർഷമായി യുപിയിൽ സമാധാനമുണ്ടായിരുന്നു, എന്തുകൊണ്ടാണ് പ്രിയങ്ക ഇവിടെ കലാപമുണ്ടാക്കാൻ ആഗ്രഹിക്കുന്നത്? മധ്യപ്രദേശിലും രാജസ്ഥാനിലും എന്തുകൊണ്ടാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യാത്തത്? അവർ അക്രമത്തിന് ധനസഹായം നൽകുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സമാധാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു"-സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ബറേലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് നേതാവ് ആരോപണവുമായി രം​ഗത്തെത്തിയത്.

പൗരത്വ (ഭേദഗതി) നിയമത്തെ പരാമർശിച്ച് സിം​ഗ് ഇങ്ങനെ പറഞ്ഞു; "അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ ദുരിതമനുഭവിക്കുമ്പോൾ നെഹ്രു (ജവഹർലാൽ), മൻ‌മോഹൻ സിംഗ് എന്നിവർക്ക് ഇത് ചെയ്യാൻ കഴിഞ്ഞില്ല. ദയനീയമായ ജീവിതം നയിക്കാൻ അവർ നിർബന്ധിതരായി. ആദ്യമായി ഒരു രാഷ്ട്രീയ നേതാവ് ഈ വിപ്ലവകരമായ തീരുമാനം എടുക്കുകയും സി‌എ‌എ നിലവിൽ വന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട അഭയാർ‌ത്ഥികൾക്ക് മാന്യമായ ജീവിതം നയിക്കുക എന്നതാണ് സി‌എ‌എ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ അവർക്ക് വീടും മറ്റ് സർക്കാർ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങളും ലഭിക്കും"

ഈ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കിലും ഇന്ത്യൻ മുസ്ലീങ്ങളുടെ ദേശീയത പിൻവലിക്കാനല്ല സി‌എ‌എ ഉദ്ദേശിക്കുന്നതെന്നും സിംഗ് വ്യക്തമാക്കി.

click me!