അന്ന് നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് രാജിവെച്ചു; ഇപ്പോള്‍ ഉപമുഖ്യമന്ത്രി

By Web TeamFirst Published Aug 27, 2019, 1:34 PM IST
Highlights

നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്.

ബംഗളൂരു: ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കര്‍ണാടക മുഖ്യമന്ത്രി മന്ത്രിസഭ വികസിപ്പിച്ചത്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദിയൂരപ്പ സംസ്ഥാന ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒരുവിധം പരിഹരിച്ചത്. ഗോവിന്ദ് കര്‍ജോള്‍, അശ്വന്ത് നാരായണ്‍, ലക്ഷ്മണ്‍ സാവദി എന്നിവരെയാണ്  ഉപമുഖ്യമന്ത്രിമാരാക്കിയത്. ഇതില്‍ ലക്ഷ്മണ്‍ സാവദിയുടെ നിയമനം കര്‍ണാടക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. 2012ല്‍ എംഎല്‍എയായിരുന്ന ലക്ഷ്മണ്‍ സാവദി നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെടുകയും രാജിവെക്കുകയും ചെയ്തിരുന്നു.

നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്. മംഗളൂരിലെ മദ്യപാന പാര്‍ട്ടികളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത്. പിന്നീട് പിടിച്ചുനില്‍ക്കാനാതയതോടെ മൂവരും രാജിവെച്ചു.  

ലക്ഷ്മണ്‍ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കുന്നതില്‍ ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ്‍ സാവദി. 
 

click me!