പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സങ്കീർണ്ണമായി ബാധിക്കുന്നു. ഈ പ്രതിസന്ധി ഇന്ധനവിലയെ മാത്രമല്ല, കയറ്റുമതി, പ്രവാസികളുടെ സുരക്ഷ, രൂപയുടെ മൂല്യം,തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുമ്പോള്‍ ഇന്ത്യയുടെയും നെഞ്ചിടിപ്പേറുന്നു. മുന്‍കാലങ്ങളില്‍ ഗള്‍ഫിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ പെട്രോള്‍ പമ്പുകളെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍, ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി മുതല്‍ സാധാരണക്കാരന്റെ നിത്യജീവിതത്തെ വരെ ബാധിക്കുന്ന പ്രതിസന്ധികളാണ് യുദ്ധത്തോടനുബന്ധിച്ച് ഉടലെടുക്കുന്നത്.
യുഎഇയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നത് ഇന്ത്യയെ സംബന്ധിച്ച് അതീവ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:
1. പ്രവാസികളും കയറ്റുമതിയും പ്രതിസന്ധിയില്‍
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് കയറ്റുമതി കേന്ദ്രമാണ് യുഎഇ. നിലവില്‍ ദുബായിലും അബുദാബിയിലുമൊക്കെയുള്ള സംഘര്‍ഷാവസ്ഥ ഈ വ്യാപാരത്തെ തകര്‍ക്കും. കൂടാതെ, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും അവര്‍ നാട്ടിലേക്കയക്കുന്ന പണവും ആശങ്കയിലായിരിക്കുകയാണ്.
2. ഹോര്‍മുസ് കടലിടുക്കിലെ തടസം: ഇന്ധനക്ഷാമം വരുന്നു?
ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെ പകുതിയും വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇവിടം ഉപരോധിക്കപ്പെട്ടാല്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരും. നിലവില്‍ ദുബായിലെ ജബല്‍ അലി തുറമുഖത്തുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് ചരക്കുനീക്കത്തിനുള്ള ഇന്‍ഷുറന്‍സ് തുകയും ഷിപ്പിംഗ് നിരക്കും കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ഇത് അരി കയറ്റുമതിയെപ്പോലും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
3. തകരുന്ന രൂപ; 100 കടക്കുമോ?
ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 9% ഇടിഞ്ഞ് 91.5 എന്ന നിലയിലെത്തി. എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുകയും രൂപയുടെ മൂല്യം 100-ലേക്ക് താഴുകയും ചെയ്താല്‍ റിസര്‍വ് ബാങ്കിന് പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരും. ഇത് രാജ്യത്തെ നിക്ഷേപങ്ങളെയും വ്യവസായ വളര്‍ച്ചയെയും സാരമായി ബാധിക്കും.
4. സ്വര്‍ണ്ണ ബോണ്ടുകള്‍: സര്‍ക്കാരിന് 2 ലക്ഷം കോടിയുടെ ബാധ്യത
യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം സ്വര്‍ണ്ണവില മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്: 2015-ല്‍ സ്വര്‍ണ്ണത്തിന് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ ബോണ്ടുകള്‍ ഇപ്പോള്‍ വലിയ ബാധ്യതയായി.
ബാധ്യത: ഏകദേശം 124 ടണ്‍ സ്വര്‍ണ്ണത്തിന് തുല്യമായ തുക (ഏകദേശം 2 ലക്ഷം കോടി രൂപ) സര്‍ക്കാര്‍ തിരിച്ചു നല്‍കേണ്ടതുണ്ട്. 2032 വരെ ഈ ബാധ്യത തുടരും.
യുഎഇയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ പ്രാദേശിക വിപണിയില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
5. വളം ക്ഷാമവും കര്‍ഷക രോഷവും
ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന മറ്റൊരു വലിയ പ്രശ്‌നം ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം നിലച്ചതാണ്. ഇന്ത്യയിലെ വളം ഫാക്ടറികള്‍ക്ക് അത്യാവശ്യമാണ് എല്‍എന്‍ജി.വിതരണം തടസ്സപ്പെട്ടാല്‍ 19 ബില്യണ്‍ ഡോളറിന്റെ വളം സബ്സിഡി ഇനിയും വര്‍ധിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധം നേരിടേണ്ടി വരും.
പരിഹാരമെന്ത്?
ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികള്‍ ഇവയാണ്:
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുക.
അമേരിക്കയുടെ എണ്ണശേഖരത്തില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.


