
ഹാൽദിയ: പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ വൈരം അതിന്റെ കൊടുമുടിയിൽ എത്തി നിൽക്കുകയാണ്. രണ്ടു കൂട്ടരും വഴിയേ പോകുമ്പോൾ തമ്മിൽ കണ്ടാൽ പോലും കയ്യാങ്കളിയിൽ എത്തും എന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നത്. അതിനിടയിൽ കാര്യങ്ങൾ വഷളാക്കാൻ വേണ്ടി ഒരു ബിജെപി നേതാവിന്റെ വിവാദ ഭീഷണിപ്രസ്താവവും പിന്നാലെ തൃണമൂൽ അണികളുടെ വക ഭക്ഷണം കഴിച്ചുതീർത്തുള്ള ഒരു പ്രതികാര നടപടിയും ഉണ്ടായി.
ബിജെപി പശ്ചിമബംഗാൾ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് ആദ്യം തന്നെ ഏറെ വിവാദാസ്പദമായ ഒരു ഭീഷണി തന്റെ പ്രസംഗത്തിനിടെ മുഴക്കിയത്. "തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ അവരുടെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ഒന്നുകിൽ ചുടുകാട്, അല്ലെങ്കിൽ ആശുപത്രി സന്ദർശിക്കേണ്ട ഗതികേട് അവരുടെ പ്രവർത്തകർക്കുണ്ടാകും" എന്നാണ് ഘോഷ് പറഞ്ഞത്. കിഴക്കൻ മിഡ്‌നാപ്പൂർ ജില്ലയിലെ ഹാൽദിയയിൽ വച്ചുനടന്ന റാലിയ്ക്കിടെ ആയിരുന്നു ബിജെപി നേതാവിന്റെ പരാമർശം. "തൃണമൂൽ കോൺഗ്രസുകാർ ഇനിയും ബിജെപിക്കാരെ ആക്രമിച്ചാൽ, അവരുടെ കൈകാലുകളും, വാരിയെല്ലുകളും നുറുങ്ങും എന്നും, ഏറെക്കാലം ആശുപത്രിയിൽ ചെലവിടേണ്ട ഗതികേടുണ്ടാകും " എന്നുമായിരുന്നു ഘോഷിന്റെ നേരിട്ടുള്ള ഭീഷണി. "എന്തിനും കേന്ദ്രം ബിജെപി പ്രവർത്തകരുടെ കൂടെ ഉണ്ടാകും" എന്നും നേതാവ് ഉറപ്പുനൽകി.
എന്നാൽ, ഈ പ്രകോപനപരമായ പരാമർശത്തിന് ശേഷം വളരെ വിചിത്രമായ ഒരു നടപടിയാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹാൽദിയയിലെ ഒരു പ്രാദേശിക നേതാവിന്റെ വീട്ടിൽ സമ്മേളനത്തിന് വന്ന ബിജെപി അണികൾക്ക് വേണ്ട ഭക്ഷണം തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. ഇവിടേക്ക് ഇരച്ചു കയറി വന്ന ഒരു പ്രാദേശിക തൃണമൂൽ നേതാവായ ഐസുൽ റഹ്മാന്റെ അണികൾ ചേർന്ന് അവിടെ സൂക്ഷിച്ചിരുന്ന ഭക്ഷണം മുഴുവൻ തിന്നുതീർത്തുകളഞ്ഞു എന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആക്ഷേപം. ബിജെപിക്കാർ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉന്നയിച്ചു കേട്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ ഒരു ദുരാരോപണം ഇതാദ്യമായിട്ടാണെന്നും, ഇങ്ങനെ ഒന്നും നടന്നതായി തനിക്ക് അറിവില്ല എന്നും ഐസുൽ റഹ്‌മാൻ പ്രതികരിച്ചു. എന്തായാലും തങ്ങളുടെ വയറ്റത്തടിച്ച തൃണമൂൽ പ്രവർത്തകർക്കെതിരെ പ്രതിഷേധിക്കാനും പരാതിനൽകാനും ഒരുങ്ങിയിരിക്കുകയാണ് ഹാൽദിയയിലെ ബിജെപി പ്രവർത്തകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam