മുന്നില്‍ നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പുകള്‍; തന്ത്രം മാറ്റാന്‍ ബിജെപി, നേതാക്കള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Feb 16, 2020, 8:47 PM IST
Highlights

ബിഹാറിലെ മുസ്ലിം നേതാവിനെതിരെയുള്ള പരാമര്‍ശമാണ് നദ്ദയെ ചൊടിപ്പിച്ചത്. തീവ്രവാദത്തിന്‍റെ ഗംഗോത്രി എന്നാണ് മുസ്ലിം നേതാവിനെ ഗിരിരാജ് സിംഗ് എംപി വിശേഷിപ്പിച്ചത്. 

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ പരാജയത്തെ തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ തന്ത്രത്തില്‍ മാറ്റം വരുത്താന്‍ ബിജെപി. നേതാക്കളെ 'നിലയ്ക്ക്  നിര്‍ത്തി'യുള്ള പ്രചാരണം മതിയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്നാണ് ബിജെപി വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്രമന്ത്രിയും മുന്‍ അധ്യക്ഷനുമായ അമിത് ഷാ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പുകളെ അതിഗൗരവത്തോടെയാണ് ബിജെപി സമീപിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍നിന്ന് 18 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ബിഹാറിലും ഇക്കുറി സീറ്റ് വര്‍ധന പ്രതീക്ഷിക്കുന്നു. വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് ബിഹാറിലെ ബിജെപി നേതാവും എംപിയുമായ ഗിരിരാജ് സിംഗിനെ അധ്യക്ഷന്‍ ജെ പി നദ്ദ വിളിച്ചുവരുത്തി ശാസിച്ചെന്നാണ് ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ബിഹാറിലെ മുസ്ലിം നേതാവിനെതിരെയുള്ള പരാമര്‍ശമാണ് നദ്ദയെ ചൊടിപ്പിച്ചത്. തീവ്രവാദത്തിന്‍റെ ഗംഗോത്രി എന്നാണ് മുസ്ലിം നേതാവിനെ ഗിരിരാജ് സിംഗ് എംപി വിശേഷിപ്പിച്ചത്. 

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് ദേശീയ നേതൃത്വം പ്രാദേശിക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് പോരാട്ടമായും അരവിന്ദ് കെജ്‍രിവാളിനെ തീവ്രവാദിയാക്കിയും ബിജെപി നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. രാജ്യദ്രോഹികള്‍, പാകിസ്ഥാന്‍ എന്നിവയാണ് പ്രാദേശിക നേതാക്കള്‍ പ്രചാരണത്തില്‍ കൂടുതല്‍ ഉപയോഗിച്ചത്.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ദില്ലി തെരഞ്ഞെടുപ്പില്‍ വോട്ടായില്ലെന്നും ബിജെപി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ബിജെപി പ്രാദേശിക നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങളെ തള്ളിപ്പറയുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല. ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ എംപിയെ വിളിച്ചുവരുത്തി ശാസിക്കുന്നത്. 

click me!