
ദില്ലി: രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. പത്ത് ജൻപഥിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഇന്ത്യയിൽ സിഖുകാർക്ക് ടർബൻ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും പരിമിതികളുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് വിവാദമായത്. വിദേശത്ത് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുന്നു വെന്ന് വിമർശിച്ച് അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്. സിഖ് സമൂഹത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് തോന്നിയ ചരിത്രത്തിലെ ഒരേയൊരു സന്ദർഭം രാഹുൽ ഗാന്ധിയുടെ കുടുംബം അധികാരത്തിലിരുന്നപ്പോഴാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരിച്ചു.
വാഷിങ്ടൺ ഡിസിയിലെ വിജിനിയയിൽ നടന്ന ഇന്ത്യൻ വംശജരായ അമേരിക്കക്കാർ പങ്കെടുത്ത യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ചൊല്ലിയാണ് വിവാദം. ആർഎസ്എസ് രാജ്യത്തെ ചില മത സാമുദായിക വിഭാഗങ്ങളെയും വിവിധ ഭാഷകളെയും മറ്റ് ചിലർക്ക് ഭീഷണിയെന്ന നിലയിലാണ് കാണുന്നതെന്നും ഇതിനെതിരെയാണ് രാജ്യത്തെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഖുകാർക്ക് ടർബൻ ധരിക്കാനാകുമോ ഇല്ലേ എന്നുള്ളതും സിഖുകാരനെന്ന നിലയിൽ ഗുരുദ്വാര സന്ദർശിക്കാൻ കഴിയുമോയെന്നതും ഇത് മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികൾക്കും സാധ്യമാകുമോയെന്നതുമാണ് ഇന്ത്യയിലെ പോരാട്ടത്തിൻ്റെ കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam