'ആർക്കും ഈ ​ഗതി വരരുത്'; ട്വീറ്റ് ചെയ്ത ശേഷം ബിജെപി നേതാവും ഭാര്യയും മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

By Web TeamFirst Published Jan 27, 2023, 3:33 PM IST
Highlights

ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് സുഹൃത്തുക്കൾ എത്തിയെങ്കിൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. വാതില് തകർത്ത് അകത്ത് കടന്നപ്പോൾ എല്ലാവരും അബോധാവസ്ഥയിലായിരുന്നു.

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം ബിജെപി പ്രാദേശിക നേതാവും മുൻ കൗൺസിലറും ഭാര്യയും ജീവനൊടുക്കി. മധ്യപ്രദേശിലെ വിദിഷയിലാണ് ദാരുണ സംഭവം. സോഷ്യൽ മീഡിയയിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു കടുംകൈ ചെയ്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു. സഞ്ജീവ് മിശ്ര(45), നീലം (42), അൻപോൽ (13), സാർഥക് (7) എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രണ്ട് മക്കളും മസ്കുലർ ഡിസ്ട്രോഫി രോ​ഗബാധിതരായിരുന്നു. ജനിതക രോ​ഗത്തിന് ഏറെക്കാലമായി ചികിത്സ നൽകിയിട്ടും ഭേദമാകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് സുഹൃത്തുക്കൾ എത്തിയെങ്കിൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. വാതില് തകർത്ത് അകത്ത് കടന്നപ്പോൾ എല്ലാവരും അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഇവരും വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇയാൾ എഴുതി.

ഭാര്യയുമായി വഴക്കിട്ട്, മൂന്നു വയസ്സുകാരനെ തൂമ്പാ കൊണ്ട് അടിച്ചുകൊന്ന് പിതാവ്; മൃതദേഹം കുഴിച്ചുമൂടി, അറസ്റ്റ്

ശത്രുവിന്റെ മക്കൾക്ക് പോലും ഈ ​ഗതി വരരുത്. എന്റെ മക്കളെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ജീവിതം മതിയായെന്നും ഇയാൾ കുറിച്ചു. ദുർ​ഗാന​ഗർ മണ്ഡലത്തിലെ ബിജെപി വൈസ് പ്രസിഡന്റാണ് സഞ്ജീവ് മിശ്ര. ചെറിയ റസ്റ്ററന്റ് നടത്തിയാണ് ഇയാളും കുടുംബവും ജീവിച്ചിരുന്നത്. പേശികളെ ദുർബലപ്പെടുത്തുന്ന അപൂർവ രോ​ഗമാണ് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികപ്രശ്നങ്ങൾ അതിജീവിയ്ക്കാൻ മാനസികാരോ​ഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

click me!