'സിആര്‍പിഎഫിനെ പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെ, യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു': രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 27, 2023, 3:08 PM IST
Highlights

സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി: രാഹുല്‍ ഗാന്ധി

ദില്ലി: സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. 

കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവില്‍ അര മണിക്കൂറോളം നേരം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല. രാഹുലിന്‍റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഏറെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാസേന പിന്മാറിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. നടപടി ദുരൂഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 

സംഭവത്തോട് ജമ്മുകശ്മീര്‍ ഭരണകൂടമോ, കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ച് അവസാന ഘട്ടം യാത്ര തടയാനുള്ള ശ്രമമാണെന്ന ആക്ഷേപം ചില നേതാക്കള്‍ക്കുണ്ട്. ദില്ലിയിലും, പഞ്ചാബിലും സുരക്ഷ പ്രശ്നമുണ്ടായതിന് പിന്നാലെ കശ്മീരിലും സമാനസംഭവം ആവര്‍ത്തിച്ചതിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

Read Also : മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

click me!