കൊറോണയെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

By Web TeamFirst Published Apr 10, 2021, 2:28 PM IST
Highlights

മുമ്പും മാസ്‌ക് ധരിക്കാത്തത് മൂലം മന്ത്രി ഉഷ ഥാക്കൂറിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കാതെ നടക്കുന്ന മന്ത്രിയെ പലപ്പോഴും പലരും ചോദ്യം ചെയ്തിട്ടുമുണ്ട്. പതിവായി പലവിധ പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം

കൊവിഡ് 19 കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തിനെതിരെ കാര്യമായ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഓരോ സംസ്ഥാനവും. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ തന്നെ മഹാരാഷ്ട്രയിലാണ് ആശങ്കജനകമാം വിധം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. 

കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,882 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലായിരം പേര്‍ ഇതിനോടകം തന്നെ രോഗബാധ മൂലം മരിച്ചുകഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇവിടെ ചികിത്സയില്‍ തുടരുന്നത്. 

ഈ സാഹചര്യത്തില്‍ അശാസ്ത്രീയമായ രീതിയില്‍ കൊവിഡ് പ്രതിരോധത്തിന് മാതൃക കാട്ടി വിവാദത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ ഒരു മന്ത്രി. ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പരസ്യമായ പൂജ നടത്തിക്കൊണ്ടാണ് ടൂറിസം-സാംസ്‌കാരിക മന്ത്രി ഉഷ ഥാക്കൂര്‍ വിവാദത്തിലായിരിക്കുന്നത്.

എയര്‍പോര്‍ട്ടിലുള്ള ദേവി അഹില്യ ഭായ് ഹോക്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ വച്ചായിരുന്നു പൂജ. എയര്‍പോര്‍ട്ട് ഡയറക്ടറും ജീവനക്കാരുമടക്കം ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഫേസ് മാസ്‌ക് ധരിക്കാതെയാണ് ബിജെപി മന്ത്രിയായ ഉഷ ഥാക്കൂര്‍ പൂജയില്‍ പങ്കെടുത്തത്. ഇതും വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയാകുന്നുണ്ട്. 

മുമ്പും മാസ്‌ക് ധരിക്കാത്തത് മൂലം മന്ത്രി ഉഷ താക്കൂറിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കാതെ നടക്കുന്ന മന്ത്രിയെ പലപ്പോഴും പലരും ചോദ്യം ചെയ്തിട്ടുമുണ്ട്. പതിവായി പലവിധ പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. 

ചാണകം കൊണ്ട് നിര്‍മ്മിച്ച 'കൗ ഡങ് കേക്ക്' ഒരെണ്ണം കത്തിച്ച് പൂജ നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കും എന്നായിരുന്നു അന്ന് വിശദീകരണത്തിനൊപ്പം മന്ത്രി പറഞ്ഞത്. ഇപ്പോള്‍ എയര്‍പോര്‍ട്ടിലെ പൂജ കൂടിയാകുമ്പോള്‍ മന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലും രൂക്ഷമാവുകയാണ്. 

Also Read:- 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

click me!