ബിഹാർ മന്ത്രി നിതിൻ നബിനെ ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വർക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു. നിലവിലെ അധ്യക്ഷൻ ജെ പി നദ്ദയുടെ പിൻഗാമിയായി നബിൻ പാർട്ടി ദേശീയ അധ്യക്ഷനാകുമെന്നാണ് സൂചന.
ദില്ലി: ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ് ആണ് ഇന്ന് ചുമതലയേറ്റ ബിഹാറിൽ നിന്നുള്ള മന്ത്രിയായ നിതിൻ നബിൻ. നിലവിലെ പാർട്ടി അധ്യക്ഷനായ ജെ പി നദ്ദയാണ് ഈ പദവി വഹിച്ച ആദ്യത്തെയാൾ. കൗതുകകരമെന്നു പറയട്ടെ, ബിജെപിയുടെ ഭരണഘടനയിൽ വർക്കിംഗ് പ്രസിഡന്‍റിനെ നിയമിക്കാൻ പ്രത്യേക വ്യവസ്ഥയില്ല. എന്നാൽ 2019 മുതൽ, പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഒരു ഇടക്കാല ക്രമീകരണമായി ഈ പദവി മാറിയിട്ടുണ്ട്.
2019 ജൂണിൽ, അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെത്തുടർന്നാണ് ജെ പി നദ്ദയെ വർക്കിംഗ് പ്രസിഡന്‍റായി നിയമിച്ചത്. ഏകദേശം ആറ് മാസത്തോളം അദ്ദേഹം ഈ പദവിയിൽ തുടരുകയും 2020 ജനുവരിയിൽ ബിജെപി ദേശീയ അധ്യക്ഷനാകുന്നത് വരെ അമിത് ഷായെ സഹായിക്കുകയും ചെയ്തു. ബിജെപി ഭരണഘടന അനുസരിച്ച്, ഒരു നേതാവിന് മൂന്ന് വർഷം വീതമുള്ള രണ്ട് ടേമുകൾ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കാൻ കഴിയും.
ഖർ മാസവും പുതിയ തിരഞ്ഞെടുപ്പും
ഹിന്ദുക്കൾ അശുഭമായി കണക്കാക്കുന്ന കാലയളവായ 'ഖർ മാസ്' നാളെ ആരംഭിക്കുന്നതിനാലാണ് നബിന്‍റെ നിയമനം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഉടൻ തന്നെ നടത്തിയതെന്ന് ബിജെപി നേതാക്കൾ വിശദീകരിക്കുന്നു. ജനുവരി 14ന് മകരസംക്രാന്തിയോടെ ഈ കാലയളവ് അവസാനിച്ചാൽ, പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചേക്കും. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങളിൽ പകുതിയെങ്കിലുമുള്ള സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ബിജെപി നിലവിൽ 37 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 30 ഇടങ്ങളിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് കുറഞ്ഞത് നാല് ദിവസമെങ്കിലും വേണ്ടിവരും. ജനുവരി 14-ന് ശേഷം ഇത് പൂർത്തിയാക്കിയേക്കാം എന്നാണ് നേതാക്കൾ പറയുന്നത്. ഔദ്യോഗിക തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും, സമവായത്തിന് ഊന്നൽ നൽകുന്നതിനാൽ നബിന്‍റെ തെരഞ്ഞെടുപ്പ് ഏതാണ്ട് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, ആറ് വർഷം മുൻപ് നദ്ദ ഷായെ സഹായിച്ചതുപോലെ, നബിൻ ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് നദ്ദയെ സഹായിക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്യും.
ആരാണ് നിതിൻ നബിൻ?
ബിഹാർ റോഡ് നിർമ്മാണ മന്ത്രിയും പാറ്റ്നയിലെ ബാങ്കിപ്പൂരിൽ നിന്നുള്ള എംഎല്‍എയുമാണ് നിതിൻ. പ്രായം 45 വയസ് മാത്രം. അഞ്ച് തവണ ഇതിനകം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവും ബിജെപി നേതാവുമായിരുന്ന നവീൻ കിഷോർ സിൻഹയുടെ മരണശേഷം ഒഴിവുവന്ന പാറ്റ്ന വെസ്റ്റ് അസംബ്ലി സീറ്റിൽ 26-ാം വയസിലാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആകുന്നത്.
ബിഹാറിൽ നിന്നും കിഴക്കൻ ഇന്ത്യയിൽ നിന്നും ബിജെപി പ്രസിഡന്‍റ് ആകുന്ന ആദ്യ നേതാവായിരിക്കും നബിൻ. അടുത്ത വർഷം അദ്ദേഹം പാർട്ടി ദേശീയ അധ്യക്ഷനായി ചുമതലയേറ്റാൽ, 52-ാം വയസിൽ ചുമതലയേറ്റ നിതിൻ ഗഡ്കരിയുടെ റെക്കോർഡ് തകർത്ത് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ആയിമാറും. ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളിലെ ബിജെപി ഇൻ-ചാർജ് ആയും പ്രവർത്തിച്ചിട്ടുണ്ട്.


