
മുംബൈ: മഹാരാഷ്ടയിലെ ബിജെപി മന്ത്രിയുടെ ബന്ധുവിന്റെ പക്കൽ നിന്നും വോട്ടർമാർക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന പണം പിടിച്ചെടുത്തു. നിതിൻ നിൽകാന്ത് റാവു ഫുൽകെ എന്നയാളുടെ പക്കൽ നിന്നാണ് പണം കണ്ടെത്തിയത്. ഭണ്ഡാര ജില്ല ഗാർഡിയൻ മന്ത്രി പരിണയ് ഫുകെയുടെ ബന്ധുവാണ് ഇയാൾ. നിതിൻ നിൽകാന്തിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
നിതിൻ നിൽകാന്തിന്റെ പക്കൽ നിന്ന് 17,74,600 രൂപ പിടിച്ചെടുത്തായി നാഗ്പൂർ റെയ്ഞ്ച് ഇൻസ്പെക്ടർ ജനറൽ മല്ലികാർജ്ജുന പ്രസന്ന പറഞ്ഞു. ഒക്ടോബർ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ സാകോലി മണ്ഡലത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം അറിയിച്ചു. നിതിൻ നിൽകാന്തിനും കൂട്ടാളികളായ നാലുപേർക്കുമെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മന്ത്രിയുടെ ബന്ധുക്കളും ബിജെപി പ്രവർത്തകരും ചേർന്ന് വോട്ടർമാക്ക് പണം വിതരണം ചെയ്യുന്നത് കണ്ടതായി ചൂണ്ടിക്കാട്ടി സാകോലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നാനാ പട്ടോലെ പരാതി നൽകുകയായിരുന്നു. പണം വിതരണം ചെയ്യുന്നത് തടയാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇരു പാർട്ടിയിലെയും പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിൻ നിൽകാന്ത് അറസ്റ്റിലായത്. രണ്ട് പാർട്ടിക്കാരും സംഘർത്തെ തുടർന്ന് പരസ്പരം പരാതി നൽകിയിട്ടുണ്ട്.
ഐപിസിയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മന്ത്രിയുടെ ബന്ധുവിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ബിജെപിക്കാരനായിരുന്ന നാനാ പട്ടോലെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam