
മുസാഫര്‍നഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇനി ആര്‍ക്കും വെളുത്ത കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെല്ലോ എന്നാണ് ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിംഗ് സെയ്നി പറഞ്ഞത്.
ബിജെപിയുടെ പാര്‍ട്ടി അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നത് അതുകൊണ്ടാണെന്നും വിക്രം സിംഗ് പറഞ്ഞു. പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്, പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കള്‍.
അവര്‍ക്ക് കശ്മീരില്‍ നിന്ന് വിവാഹം ചെയ്യാം. ഇപ്പോള്‍ അതിന് പ്രശ്നങ്ങള്‍ ഒന്നുമില്ല. നേരത്തെ അതിക്രൂരമായ പീഢനങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടന്നിരുന്നു. ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്ലിം അണികള്‍ക്ക് അവിടെ നിന്ന് വിവാഹം ചെയ്യാം, അത് ആഘോഷിക്കാം.
വെളുത്ത കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. അതിപ്പോള്‍ ഹിന്ദുവോ മുസ്ലിമോ ആകട്ടെയെന്നും വിക്രം സിംഗ് സെയ്നി പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ പ്രതികരണം തേടിയപ്പോള്‍ ഇനി ഒരു പ്രശ്നവുമില്ലാതെ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാകുമെന്നും താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നുമാണ് വിക്രം സിംഗ് സെയ്നി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam