'സര്‍ക്കാരിന്‍റെ തെറ്റുകൾക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്തു'; ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

By Web TeamFirst Published Oct 6, 2021, 12:02 PM IST
Highlights

ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. അതുകൊണ്ട് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപ കാലത്ത് മമത ബാനര്‍ജിയെ പുകഴ്ത്തിയ ആശിഷ് ദാസിന്‍റെ പ്രസ്താവനകള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു

ഗുവാഹത്തി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്‍റെ (BJP Government) തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയില്‍ തല മുണ്ഡനം (head tonsured) ചെയ്ത് എംഎല്‍എ (MLA). സുര്‍മ എംഎല്‍എയായ ആശിഷ് ദാസ് (Ashis Das) ഇതിന് ശേഷം ബിജെപി വിടുന്നതായും പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വളരെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം ഒരു യജ്ഞവും നടത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീടിന് സമീപമാണ് കാളിഘട്ട് ക്ഷേത്രം.

ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപ കാലത്ത് മമത ബാനര്‍ജിയെ പുകഴ്ത്തിയ ആശിഷ് ദാസിന്‍റെ പ്രസ്താവനകള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

രണ്ട് വര്‍ഷമായി ത്രുപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ കടുത്ത വിമര്‍ശനവുമാണ് സുര്‍മ എംഎല്‍എ ഉന്നയിച്ചിരുന്നത്. ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. 2023ല്‍ ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിമര്‍ശനങ്ങള്‍ ചൊരിഞ്ഞാണ് ആശിഷ് ദാസ് പാര്‍ട്ടി വിട്ടിരിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഒരിക്കൽ മോദിയുടെ സന്ദേശങ്ങൾ രാജ്യമെമ്പാടുമുള്ള എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെയും മനസിനെ സ്പർശിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് യാതൊരു അർത്ഥവുമില്ലാത്ത വാക്കുകളുടെ ഒരു ശേഖരം മാത്രമായെന്ന് അദ്ദേഹം തുറന്നടിച്ചു. അതേസമയം, ആശിഷ് ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 
 

click me!