
ലഖ്നൗ: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെതിരെ ബിജെപി എംഎൽഎ സംഗീത് സോം. ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷാർജീൽ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് സംഗീത് സോം പറഞ്ഞു.
"പ്രതിഷേധത്തിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ജോലിയൊന്നുമില്ല, ഈ പ്രതിഷേധങ്ങൾക്കു വേണ്ടി വരുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണം. ഇന്ത്യയെ തകർക്കണമെന്ന് പറയുന്ന ഷർജീൽ ഇമാമിനെപ്പോലുള്ളവരെ പൊതു സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലണം"- സംഗീത് സോം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ദില്ലിയിലെ ഷഹീൻബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ് ക്ലോക് ടവറിലും പ്രതിഷേധം നടക്കുന്ന പശ്ചാത്തലിത്തിലാണ് സംഗീത് സോമിന്റെ പ്രസ്താവന. കഴിഞ്ഞ ഒരു മാസമായി നൂറുകണക്കിന് സ്ത്രീകൾ ഇവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുകയാണ്. അതേസമയം, ഷര്‍ജീല്‍ ഇമാമിനെതിരെ കഴിഞ്ഞ ദിവസം ശിവസേനയും രംഗത്തെത്തിയിരുന്നു. ഷര്ജീലിന്റെ കൈകള്‍ വെട്ടിയെടുക്കണമെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന ആവശ്യപ്പെട്ടിരുന്നു.
Read Also: 'ഷര്‍ജീല്‍ ഇമാമിന്‍റെ കൈ വെട്ടണം'; അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ ശിവസേന
''ഷര്‍ജീലിന്‍റെ കൈ വെട്ടിയെടുത്ത് 'ചിക്കന്‍സ് നെക്ക്' കോറിഡോറിലെ ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം'' മുഖപ്രസംഗത്തില്‍ സേന കുറിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് അസ്സം വേര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രസംഗത്തില്‍ പ്രതിപാതിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റമാണ് ഷര്‍ജീലിനെതിരെ ചുമത്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് ഷര്‍ജീലിനെതിരായ എഫ്ഐആര്‍ വിശദമാക്കുന്നു. വര്‍ഗീയപരമായ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും എഫ്ഐആറിൽ കൂട്ടിച്ചേര്‍ക്കുന്നു. ജനുവരി 13 ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam