UP election 2022 : 'യോഗിജിക്ക് വോട്ടുചെയ്യാത്തവരുടെ വീട് തകര്‍ക്കും'; ഭീഷണിയുമായി ബിജെപി തെലങ്കാന എംഎല്‍എ

Published : Feb 17, 2022, 06:52 AM IST
UP election 2022 : 'യോഗിജിക്ക് വോട്ടുചെയ്യാത്തവരുടെ വീട് തകര്‍ക്കും';  ഭീഷണിയുമായി ബിജെപി തെലങ്കാന എംഎല്‍എ

Synopsis

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുമെന്നായിരുന്നു വീഡിയോയിലൂടെ എംഎല്‍എയുടെ ഭീഷണി. ചൊവ്വാഴ്ചയാണ് വിവാദ വീഡിയോ പുറത്തിറക്കിയത്. 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുമായി (UP election 2022) ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് തെലങ്കാന ബിജെപി എംഎല്‍എ (BJP MLA) ടി രാജ സിങ്ങിന് (T Raja singh) കാരണം കാണിക്കല്‍ നോട്ടീയസച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Election commission) . പെരുമാറ്റച്ചട്ട മാര്‍ഗരേഖയുടെ ലംഘനമാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുമെന്നായിരുന്നു വീഡിയോയിലൂടെ എംഎല്‍എയുടെ ഭീഷണി. ചൊവ്വാഴ്ചയാണ് വിവാദ വീഡിയോ പുറത്തിറക്കിയത്. 

ബിജെപിക്ക് വോട്ട് ചെയ്യാത്തവരോട് ഞാനിത് പറയുകയാണ്. യോഗി ജിയുടെ പക്കല്‍ ആയിരക്കണക്കിന് ബുള്‍ഡോസറുകള്‍ ഉണ്ട്. തെരഞ്ഞെടുപ്പിന് ശേഷം യോഗിജിക്ക് വോട്ട് ചെയ്യാത്തവരെ കണ്ടെത്തും. ബുള്‍ഡോസറുകള്‍ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. യോഗി ജി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത ഉത്തര്‍പ്രദേശിലെ വഞ്ചകരോട് ഞാന്‍ പറയുകയാണ്, നിങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ 'യോഗി യോഗി' എന്ന് വിളിക്കണം. അല്ലെങ്കില്‍ സംസ്ഥാനം വിട്ട് ഓടിപ്പോകണം. -എംഎല്‍എ വീഡിയോയില്‍ പറഞ്ഞു. രാജാ സിംഗിന്റെ ഭീഷണി മാതൃകാ പെരുമാറ്റച്ചട്ടം, 1951 ലെ ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി എന്നിവയുടെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

രാജാ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ തെലങ്കാന ഐടി മന്ത്രി കെ താരക രാമറാവു രംഗത്തെത്തി. ഹാസ്യനടന്റെ വാക്കുകളാണ് രാജാസിങ് പറയുന്നതെന്ന് താരകറാവു പരിഹസിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രാജാസിങ്ങിന്റെ വീഡിയോ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വീഡിയോ പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞു, ''ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ അടുത്ത റാലിയില്‍ നിങ്ങളുടെ എംഎല്‍എയെ കുറിച്ച് എന്തെങ്കിലും മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടോ? ഇ സി ശ്രദ്ധിക്കണോ?-എന്ന കുറിപ്പോടെയാണ് മഹുവ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

 

 

നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന എംഎല്‍എയാണ് രാജാസിങ്. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനിടെ, രാജ്യത്തുടനീളം തല മറയ്ക്കുന്ന വസ്ത്രം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ മുസ്ലീങ്ങളെ രാജ്യദ്രോഹികളെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍, തിരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംഎല്‍എയായിരുന്നു രാജാസിങ്. ബിജെപിക്ക് ഇപ്പോള്‍ മൂന്ന് എംഎല്‍എമാരാണുള്ളത്.
 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി