മധ്യപ്രദേശില്‍ നഗരസഭാ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് തല്ലിയ ബിജെപി എംഎല്‍എ അറസ്റ്റില്‍

By Web TeamFirst Published Jun 26, 2019, 6:29 PM IST
Highlights

ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മകനാണ് ആകാശ്. പൊലീസുകാരുടേയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വെച്ചാണ് ആകാശും പാർട്ടി പ്രവർത്തകരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മ‍ർദ്ദിച്ചത്

ഇന്‍ഡോര്‍: നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച ബിജെപി എംഎൽഎ ആകാശ് വിജയവര്‍ഗിയ അറസ്റ്റില്‍. മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മകനാണ് ആകാശ്. പൊലീസുകാരുടേയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വെച്ചാണ് ആകാശും പാർട്ടി പ്രവർത്തകരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മ‍ർദ്ദിച്ചത്. ഇന്‍ഡോറിലാണ് സംഭവം. 

പൊലീസ് ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ആകാശിനെതിരെ എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചന്‍ പ്രതികരിച്ചു. അവര്‍ക്ക് അവരുടെ ജനപ്രതിനിധിയെ പോലും നിയന്ത്രിക്കാനാകുന്നില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അനധികൃത കയ്യേറ്റത്തെ തടയാൻ ധീരേന്ദ്ര ബ്യാസ്, അസിത് ഖരേ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തോട് ആകാശ് തട്ടിക്കയറുകയായിരുന്നു. "അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും" ആകാശ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അൽപസമയത്തിനകം തർക്കം ആക്രമണമായി മാറുകയും ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. "എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" - ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  ആകാശ് വർഗിയയ്ക്കും അനുയായികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

click me!